Home Editorialഗവർണർ രാജിലേക്ക് കേരളമോ?

ഗവർണർ രാജിലേക്ക് കേരളമോ?

by news_desk1
0 comments

അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ഗവർണർ വിളിച്ചുചേർത്ത സംഭവം സാധാരണ ഒരു പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല. ഭരണഘടനാപരമായ അതിരുകൾ എവിടെയാണ് എന്ന അടിസ്ഥാനചോദ്യമാണ് അത് ഉയർത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ നിർവഹണാധികാരം മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമാണ്. ഉദ്യോഗസ്ഥരുമായി നേരിട്ട് അവലോകനയോഗങ്ങൾ നടത്തുകയും ഭരണപരമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നത് സർക്കാരിന്റെ അധികാരപരിധിയിലാണ്. ആ മേഖലയിലേക്ക് രാജ്ഭവൻ കടന്നുകയറുന്നത് ഫെഡറൽ സംവിധാനത്തിന്റെ ആത്മാവിന് വിരുദ്ധമാണ്.

കേരളം മാത്രമല്ല, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സമീപ വർഷങ്ങളിൽ ഗവർണർ പദവി രാഷ്ട്രീയ തർക്കങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പഞ്ചാബിലും തെലങ്കാനയിലും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരുകളും കേന്ദ്രം നിയമിച്ച ഗവർണർമാരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ രാജ്യത്തിന്റെ ഫെഡറൽ ഘടനയെക്കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരുകൾ ശക്തമായ നിലപാടുകൾ സ്വീകരിച്ചതും നാം കണ്ടിട്ടുണ്ട്.

കേരളം അതിന് അപവാദമല്ലായിരുന്നു. മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് ഉണ്ടായ പല വിഷയങ്ങളിലും അന്നത്തെ സർക്കാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും നേരിട്ട് വിളിച്ചുവരുത്താനുള്ള ശ്രമത്തിനെതിരെ ഉടൻ കത്ത് നൽകുകയും ഭരണഘടനാപരമായ അതിരുകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. അന്ന് ശരിയായിരുന്നത് ഇന്ന് തെറ്റാകുന്നില്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ സർക്കാരുകൾ മാറുന്നതിനനുസരിച്ച് മാറുന്നതുമല്ല.

അതാണ് ഇപ്പോഴത്തെ സർക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നത്. മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷമാണ് സർക്കാർ പ്രതികരിച്ചതെന്നും, ഗവർണറുടെ ഓഫീസിന് ചീഫ് സെക്രട്ടറി കത്ത് നൽകിയിട്ടുണ്ടെന്നും പറയുന്നത് മാത്രം മതിയാകില്ല. മുഖ്യമന്ത്രിയും മന്ത്രിസഭയും വ്യക്തവും പരസ്യവുമായ നിലപാട് സ്വീകരിക്കേണ്ട വിഷയമാണിത്. കാരണം ഇത് ഒരു ഉദ്യോഗസ്ഥയോഗത്തിന്റെ പ്രശ്നമല്ല; സംസ്ഥാന ഭരണാധികാരത്തിന്റെ അതിർത്തിയെക്കുറിച്ചുള്ള വിഷയമാണ്.

ഇതിനോടൊപ്പം എം.ജി. സർവകലാശാലയിലെ പഠന ബോർഡ് നിയമനങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ഗൗരവമുള്ളതാണ്. അക്കാദമിക് സ്ഥാപനങ്ങളിലെ നിയമനങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും രാഷ്ട്രീയ ഇടപെടലുകൾ വർധിക്കുന്നുവെന്ന ആശങ്ക ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. സർവകലാശാലകളുടെ സ്വയംഭരണാവകാശവും അക്കാദമിക് സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ട കാലഘട്ടത്തിലാണ് വിദ്യാഭ്യാസ മേഖലയിലും അധികാര കേന്ദ്രങ്ങളുടെ പിടിമുറുക്കം ശക്തമാകുന്നത്.

സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി സഹകരിക്കണം എന്നതിൽ തർക്കമില്ല. എന്നാൽ സഹകരണം എന്നത് കീഴടങ്ങലല്ല. ഫെഡറൽ സംവിധാനത്തിൽ പരസ്പര ബഹുമാനവും ഭരണഘടനാപരമായ അതിരുകളോടുള്ള ആദരവുമാണ് സഹകരണത്തിന്റെ അടിസ്ഥാനം. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഭരണഘടനാ സ്ഥാനവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനാണ്.

ഭരണഘടനയുടെ 163-ാം അനുച്ഛേദം ഗവർണറുടെ സ്ഥാനം വ്യക്തമായി നിർവചിക്കുന്നുണ്ട്. മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഭരണഘടനാ തലവനാണ് ഗവർണർ. ആ സ്ഥാനത്തിന്റെ അന്തസ്സ് രാഷ്ട്രീയ പ്രവർത്തകന്റെ ആവേശത്തിലല്ല, ഭരണഘടനാ മര്യാദകളുടെ കൃത്യമായ പാലനത്തിലാണ് നിലനിൽക്കുന്നത്.

കേരളം ചരിത്രപരമായി ജനാധിപത്യ മൂല്യങ്ങളും ഫെഡറൽ അവകാശങ്ങളും ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ്. ആ പാരമ്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇന്നത്തെ സർക്കാരിനുമുണ്ട്. ഗവർണറുടെ അധികാര അതിക്രമങ്ങൾക്കെതിരെ മൃദുവായ പ്രതിഷേധമല്ല, വ്യക്തവും ശക്തവുമായ ഭരണഘടനാപരമായ പ്രതികരണമാണ് ആവശ്യം. അല്ലാത്തപക്ഷം ഉയരുന്ന ചോദ്യം ഒന്നു മാത്രമായിരിക്കും – കേരളം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ കീഴിലാണോ, അതോ പതിയെ പതിയെ ഗവർണർ രാജിലേക്കോ നീങ്ങുന്നത്? എന്ന ചോദ്യം പ്രസക്തമാണ്.–

You may also like