Home Keralaപിഎംശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം; നിലപാട് മാറ്റം നീതികേടെന്ന് സമസ്ത എപി വിഭാഗം

പിഎംശ്രീ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം; നിലപാട് മാറ്റം നീതികേടെന്ന് സമസ്ത എപി വിഭാഗം

by news_desk1
0 comments

തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പാരമ്പര്യത്തിനും മതേതര മൂല്യങ്ങൾക്കും വെല്ലുവിളിയാണെന്ന് സമസ്ത എപി വിഭാഗം അഭിപ്രായപ്പെട്ടു. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്നും തിരഞ്ഞെടുപ്പ് കാലത്ത് സ്വീകരിച്ച നിലപാടിൽ നിന്ന് പിന്നോട്ടുപോകുന്നത് രാഷ്ട്രീയമായും ധാർമികമായും ന്യായീകരിക്കാനാകില്ലെന്നും സംഘടനയുടെ മുഖപത്രത്തിലെ എഡിറ്റോറിയലിൽ വിമർശിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണ ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച രാഷ്ട്രീയ മുന്നണികൾ അധികാരത്തിലെത്തിയ ശേഷം അതേ പദ്ധതിക്ക് പിന്തുണ നൽകുന്നത് ജനങ്ങളോട് പ്രകടിപ്പിച്ച നിലപാടുകളുടെ ലംഘനമാണെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി. ഒരു പദ്ധതി മതേതര മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് നേരത്തെ വിലയിരുത്തിയതെങ്കിൽ ഭരണത്തിലേറിയ ശേഷവും അതേ നിലപാട് തുടരേണ്ടതുണ്ടെന്നും സമസ്ത അഭിപ്രായപ്പെട്ടു.

സാമ്പത്തിക ബാധ്യതയും സാങ്കേതിക കാരണങ്ങളും ചൂണ്ടിക്കാട്ടി നിലപാട് മാറ്റത്തെ ന്യായീകരിക്കാനുള്ള ശ്രമം കേരളത്തിന്റെ മതേതര താത്പര്യങ്ങളെ പണയപ്പെടുത്തുന്നതിന് തുല്യമാണെന്നും വിമർശനമുണ്ട്. ജനാധിപത്യ സമൂഹത്തിൽ കുട്ടികൾ മതേതര മൂല്യങ്ങൾ ഉൾക്കൊണ്ടാണ് വളരേണ്ടതെന്നും അതിന് വിരുദ്ധമായി വിദ്യാലയങ്ങളെ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ പരീക്ഷണശാലകളാക്കുന്നത് ഭാവിതലമുറയോടുള്ള അനീതിയാണെന്നും എഡിറ്റോറിയൽ വ്യക്തമാക്കി.

സമഗ്ര ശിക്ഷാ അഭിയാൻ വഴിയുള്ള കേന്ദ്രസഹായം തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ പിഎംശ്രീ പദ്ധതിയിൽ ചേരാൻ നിർബന്ധിക്കുന്ന കേന്ദ്രസർക്കാർ നിലപാട് ജനാധിപത്യവിരുദ്ധവും ഫെഡറൽ സംവിധാനത്തിന്റെ ലംഘനവുമാണെന്ന് സമസ്ത ആരോപിച്ചു. ഇത്തരമൊരു സമ്മർദത്തിന് വഴങ്ങുന്നതിന് പകരം ശക്തമായ പ്രതിരോധമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നത് യാഥാർഥ്യമാണെങ്കിലും അത് പരിഹരിക്കുന്നതിനായി വിദ്യാഭ്യാസ മേഖലയിലെ മതേതര സ്വഭാവവും സംസ്ഥാനത്തിന്റെ ആത്മാഭിമാനവും വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി താത്കാലികമാണെന്നും ജനങ്ങളോട് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ മാനിച്ച് പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള രാഷ്ട്രീയ മര്യാദ സർക്കാർ കാണിക്കണമെന്നും സമസ്ത എപി വിഭാഗം ആവശ്യപ്പെട്ടു.

You may also like