Home Entertainmentകാത്തിരിപ്പിന് വിരാമം; ‘4 ദ പീപ്പിൾ’ വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് പ്രഖ്യാപിച്ച് ജയരാജ്

കാത്തിരിപ്പിന് വിരാമം; ‘4 ദ പീപ്പിൾ’ വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് പ്രഖ്യാപിച്ച് ജയരാജ്

by news_desk1
0 comments

മലയാള സിനിമയിൽ റീ റിലീസുകളുടെ ട്രെൻഡ് ശക്തമാകുന്നതിനിടെ പ്രേക്ഷകർ ഏറെ നാളായി കാത്തിരുന്ന ഒരു ചിത്രം വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസ് സമയത്ത് വലിയ തരംഗം സൃഷ്ടിച്ച ‘4 ദ പീപ്പിൾ’ പുതിയ സാങ്കേതിക മികവോടെ റീ റിലീസിന് ഒരുങ്ങുന്നതായി സംവിധായകൻ ജയരാജ് അറിയിച്ചു.

കഴിഞ്ഞ നാല് വർഷമായി വിവിധ ഭാഷകളിൽ ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ റീ റിലീസ് ചെയ്യപ്പെട്ടിരുന്നു. ആദ്യ റിലീസിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരുന്ന ചിത്രങ്ങളും പരാജയപ്പെട്ട സിനിമകളും പിന്നീട് തിയറ്ററുകളിലെത്തി മികച്ച പ്രതികരണവും കളക്ഷനും സ്വന്തമാക്കിയിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ ഉൾപ്പെടെ നിരവധി സിനിമകൾ റീ റിലീസ് ചെയ്തിരുന്നെങ്കിലും ‘4 ദ പീപ്പിൾ’ വീണ്ടും കാണണമെന്ന ആഗ്രഹം ആരാധകർക്കിടയിൽ ശക്തമായിരുന്നു.

‘ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയെ കുറിച്ചാണ് പറയുന്നത്. 4 ദ പീപ്പിൾ. കേരളക്കരയാകെ നൃത്തം ചെയ്ത ഒരു സിനിമ. ഇന്നും നിങ്ങൾ അത് ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്നു. ആ സിനിമയുമായി ഞങ്ങൾ വീണ്ടും വരുന്നു. മിക്കവാറും അടുത്ത മാസങ്ങളിൽ ചിത്രം റിലീസ് ചെയ്യും. പുതിയ ഭാവത്തോടെയാണ് എത്തുന്നത്,’ എന്ന് ജയരാജ് പറഞ്ഞു.

ജയരാജിന്റെ പ്രഖ്യാപനം സിനിമാപ്രേമികൾ ആവേശത്തോടെയാണ് ഏറ്റെടുത്തത്. “എത്രയോ നാളായി റീ റിലീസ് കാത്തിരുന്ന സിനിമയാണ്”, “ലജ്ജാവതി പാട്ട് വന്നാൽ തിയറ്റർ ആഘോഷമാകും”, “തിയറ്റർ ബ്ലാസ്റ്റ് ഉറപ്പ്” തുടങ്ങിയ നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

2004ൽ ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘4 ദ പീപ്പിൾ’ അനീതിക്കെതിരെ പോരാടുന്ന യുവാക്കളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു. അന്നത്തെ ട്രെൻഡ് സെറ്ററായ ചിത്രത്തിലെ ജാസി ഗിഫ്റ്റിന്റെ ‘ലജ്ജാവതി’ ഉൾപ്പെടെയുള്ള ഗാനങ്ങളും വലിയ ജനപ്രീതി നേടിയിരുന്നു. അരുൺ, ഭരത്, പദ്മകുമാർ, അർജുൻ ബോസ്, നരേൻ, ഗോപിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

You may also like