ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് ഫെഡറൽ ബാങ്കിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ അവലൂക്കുന്ന് കൈതകുളങ്ങരവെളി വീട്ടിൽ അനീഷ് കുമാറിനെ (37)യാണ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിലെ ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2024 മെയ് 10-ന് അനീഷ് ബാങ്കിലെത്തി 8.2 ഗ്രാം തൂക്കമുള്ള ആഭരണം പണയം വെച്ച് 39,000 രൂപ കൈപ്പറ്റുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് സ്വർണമല്ലെന്നും മുക്കുപണ്ടമാണെന്നും വ്യക്തമായത്.
പലിശ ഉൾപ്പെടെ ബാങ്കിന് 46,672 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് 2025ലും 2026ലും ഇയാൾക്കെതിരെ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ അരുൺ എം. ജെയുടെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ ബി, എ.എസ്.ഐ വിനോദ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സി.പി.ഒ വിപിൻ ദാസ്, സുജിത്ത്, വിഷ്ണു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

