Home Kerala‘എന്ത് അസംബന്ധമാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്?’ കശുവണ്ടി അഴിമതി കേസിൽ ഹൈക്കോടതി രൂക്ഷം; വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി

‘എന്ത് അസംബന്ധമാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്?’ കശുവണ്ടി അഴിമതി കേസിൽ ഹൈക്കോടതി രൂക്ഷം; വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി

by news_desk1
0 comments

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പ്രോസിക്യൂഷൻ അനുമതി ഉത്തരവിൽ ഹൈക്കോടതിയെ കുറിച്ച് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ടാണ് സിംഗിൾ ബെഞ്ചിന്റെ കടുത്ത വിമർശനം. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ കോടതി അലക്ഷ്യ കേസ് രജിസ്റ്റർ ചെയ്ത കോടതി, വെള്ളിയാഴ്ച നേരിട്ട് ഹാജരാകാനും നിർദേശിച്ചു.

പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ കടന്നാക്രമണമാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവ് അപകടകരവും അനാവശ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരമൊരു ഉത്തരവ് എങ്ങനെ പുറപ്പെടുവിക്കാനായെന്ന് ചോദിച്ചു. ആദ്യ ഉത്തരവ് തയ്യാറാക്കിയത് കേസിലെ പ്രതിയാണോ എന്നും കോടതി ചോദ്യം ഉയർത്തി.

പ്രതി വാർത്താസമ്മേളനം നടത്തി കോടതിയെ അധിക്ഷേപിച്ച സാഹചര്യവും കോടതി പരാമർശിച്ചു. സർക്കാരിനെയല്ല, ഉദ്യോഗസ്ഥരെയാണ് വിമർശിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി, “എന്ത് അസംബന്ധമാണ് നിങ്ങൾ കാണിച്ചുകൂട്ടുന്നത്?” എന്ന് രൂക്ഷമായി പ്രതികരിച്ചു.

സെക്രട്ടറിക്കെതിരെയും കടുത്ത വിമർശനം

ഇത്തരമൊരു ഉത്തരവ് ഒരു ഉദ്യോഗസ്ഥന് എങ്ങനെ പുറപ്പെടുവിക്കാനാകുമെന്ന് കോടതി ചോദിച്ചു. പ്രതിയെ സഹായിക്കാനാണ് ഈ ഉത്തരവെന്ന് കോടതി വിലയിരുത്തി. സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ലെന്നും, ഉത്തരവ് പുറപ്പെടുവിച്ച ഉടൻ തന്നെ അത് പ്രതിക്ക് കൈമാറിയെന്നും കോടതി വിമർശിച്ചു.

സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നും സെക്രട്ടറിയുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നും കോടതി വ്യക്തമാക്കി. കോടതിയെ മാത്രമല്ല, സർക്കാരിനെയും ഇത്തരം ഉദ്യോഗസ്ഥർ അപകീർത്തിപ്പെടുത്തുകയാണെന്നും കോടതി നിരീക്ഷിച്ചു.

ഉത്തരവ് കോടതിയെ അവഹേളിക്കുന്നതാണെന്നും, എല്ലാ അനാവശ്യങ്ങളും പറഞ്ഞശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. വകുപ്പ് സെക്രട്ടറി നിലവിലെ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും, വിവാദ ഉത്തരവിലൂടെ ലക്ഷ്യമിട്ട കാര്യം നടപ്പാക്കിയെന്നുമാണ് ഹൈക്കോടതിയുടെ വിമർശനം.

You may also like