കൊച്ചി: അവയവക്കടവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചി ലേക്ഷോർ ആശുപത്രിയുടെ എംഡിയെ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളടക്കം വിവിധ കേന്ദ്രങ്ങളിൽ ഇഡി വ്യാപക പരിശോധന നടത്തിയിരുന്നു.
കേരളത്തിലെ ആറു പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജരേഖകൾ ഉപയോഗിച്ചുള്ള അവയവക്കടത്തും കള്ളപ്പണ ഇടപാടുകളും സംബന്ധിച്ച കേസിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന വൻ മാഫിയ സംഘമാണ് അവയവക്കടത്തിന് പിന്നിലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
ആലപ്പുഴ റൂറൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ മുഖ്യപ്രതിയായ നജീബാണ് ഇടനിലക്കാരെ ഏകോപിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വ്യാജരേഖകൾ ഉപയോഗിച്ചായിരുന്നു അവയവ വ്യാപാരം നടത്തിയിരുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്തി ചെറിയ തുകയ്ക്ക് അവയവം കൈമാറ്റം ഉറപ്പാക്കി, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർക്ക് വലിയ തുകയ്ക്ക് കൈമാറുകയായിരുന്നു സംഘത്തിന്റെ രീതി. ഓരോ ശസ്ത്രക്രിയയ്ക്കും പിന്നാലെ മുഖ്യകണ്ണിയായ നജീബിന് ആശുപത്രികൾ വൻതുക കമ്മീഷനായി നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് ഇഡി വിശദമായി പരിശോധിക്കുന്നത്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്, ലേക്ഷോർ ആശുപത്രി ഉൾപ്പെടെ ആറു ആശുപത്രികളിൽ നേരത്തെ പരിശോധന നടത്തിയിരുന്നു.

