Home Kerala‘ദിവ്യ എസ്. അയ്യരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം?’; വിഴിഞ്ഞം വിവാദത്തിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ദിവ്യ എസ്. അയ്യരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം?’; വിഴിഞ്ഞം വിവാദത്തിൽ ചോദ്യങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

by news_desk1
0 comments

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം തുറമുഖത്തിന്റെ എംഡിയായിരുന്ന ദിവ്യ എസ്. അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും, പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ അവരെ മാറ്റിയെന്നുമുള്ള ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദിവ്യ എസ്. അയ്യരെ മാത്രം മാറ്റിയതല്ലെന്നും, ഒരുപാട് നാളായി വിവിധ ചുമതലകളിലുണ്ടായിരുന്ന പല ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ദിവ്യ എസ്. അയ്യരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നം? അവർ അദാനിക്ക് നോട്ടീസ് നൽകിയിട്ടുണ്ടോ എന്ന കാര്യം എനിക്കറിയില്ല. സർക്കാർ വകുപ്പുകളുടെ മേധാവികൾ ആർക്കൊക്കെ നോട്ടീസ് നൽകിയെന്ന് അന്വേഷിക്കേണ്ടത് എന്റെ ജോലിയല്ല,” എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞം വിഷയത്തിൽ എന്താണ് കാര്യമെന്നും, തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖ എംഡിയായിരുന്ന ദിവ്യ എസ്. അയ്യരെ തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖ എംഡി.

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് എൽഡിഎഫിനെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നും, ഓഹരി കൈമാറ്റം നേരത്തെ അറിയാമായിരുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഓഹരി കൈമാറ്റത്തെക്കുറിച്ച് നേരത്തെ അറിഞ്ഞിരുന്നത് ഒരു പത്രത്തിന് മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, അദാനിയും എംഎസ്‌സി കമ്പനിയും തമ്മിൽ ഒരു വർഷമായി ചർച്ചകൾ നടന്നിരുന്നുവെന്നും, 2026 ജൂൺ 5-ന് തന്നെ ഇതുസംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നുവെന്നും പറഞ്ഞു. ആ വാർത്തയുടെ ഉറവിടം മുൻ എൽഡിഎഫ് സർക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

എൽഡിഎഫ് സർക്കാർ കാലത്ത് നടന്ന വിഴിഞ്ഞം കോൺക്ലേവിൽ എംഎസ്‌സി പ്രതിനിധികൾ പങ്കെടുത്തിരുന്നുവെന്നും, ഇതെല്ലാം നടന്നശേഷം ഇപ്പോൾ “കടൽക്കൊള്ള”, “സതീശൻ-അദാനി ബന്ധം” തുടങ്ങിയ ആരോപണങ്ങൾ ഉയർത്തുന്നതിൽ അർഥമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഹരി കൈമാറ്റ വിവരം അറിഞ്ഞ ഉടൻ യുഡിഎഫ് സർക്കാർ അതൃപ്തി അറിയിച്ചതായും, തുടർന്ന് അപേക്ഷ സമർപ്പിച്ച വിഷയത്തിൽ എംപവേർഡ് കമ്മിറ്റി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

നിർമാണ കരാറിൽ ഒരു കമ്പനിക്കും കുത്തകാവകാശം അനുവദിക്കരുതെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മുൻ മന്ത്രി കെ. ബാബുവിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

വാർത്താസമ്മേളനത്തിനിടെ മാധ്യമങ്ങളോടും മുഖ്യമന്ത്രി ചോദ്യം ഉന്നയിച്ചു. “ഈ സർക്കാർ എന്ത് തെറ്റാണ് ചെയ്തത്?” എന്ന് ചോദിച്ച അദ്ദേഹം, വിഴിഞ്ഞം വിഷയത്തിൽ സംസ്ഥാനത്തിന്റെ താത്പര്യം ഒരിക്കലും ബലികഴിക്കില്ലെന്നും ഉറപ്പുനൽകി.

You may also like