കൊച്ചി: എംജി റോഡിൽ ജാക്കി ഉപയോഗിച്ച് ഉയർത്തിയ വീട് അപകടകരമായി ഒരു വശത്തേക്ക് ചരിഞ്ഞു. കെട്ടിടം പൊളിച്ചുനീക്കേണ്ടി വരുമെന്നാണ് ഫയർഫോഴ്‌സിന്റെ പ്രാഥമിക വിലയിരുത്തൽ. ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന സമീപ കെട്ടിടത്തിലേക്കാണ് വീട് ചരിഞ്ഞുനിൽക്കുന്നത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ചെന്നൈ ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് വീട് ഉയർത്തുന്ന ജോലി ഏറ്റെടുത്തത്. ജാക്കിയുടെ ലിവർ തെറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ കുറേകാലമായി ആളൊഴിഞ്ഞുകിടന്നിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മഴക്കാലത്ത് വെള്ളം കയറുന്ന പ്രശ്നം പരിഹരിക്കാനാണ് വീട് ഏകദേശം നാലടി ഉയർത്താൻ തീരുമാനിച്ചത്. എന്നാൽ പ്രവർത്തനത്തിനിടെയുണ്ടായ ചെറിയ പാകപ്പിഴ കെട്ടിടം അപകടകരമായി ചരിയാൻ ഇടയാക്കുകയായിരുന്നു.
കെട്ടിടം പഴയ നിലയിലേക്ക് നേരെയാക്കുക പ്രായോഗികമല്ലെന്നാണ് ഫയർഫോഴ്‌സ് വ്യക്തമാക്കുന്നത്. എന്നാൽ ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷമേ തുടർനടപടികളെക്കുറിച്ച് അന്തിമ തീരുമാനമെടുക്കൂവെന്നാണ് നിർമാണ ചുമതലയുള്ള കമ്പനിയുടെ പ്രതികരണം.
അപകടത്തെ തുടർന്ന് കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായും തകർന്ന നിലയിലാണ്. അടിത്തറയും ഇളകിയതായി കണ്ടെത്തിയിട്ടുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്ത് പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

