Home WORLD CUP 26മെസ്സിയെ രക്ഷിക്കാൻ വിഎആർ കള്ളക്കളി? അർജന്റീനയുടെ വിജയത്തിൽ രാഷ്ട്രീയ കളിയെന്ന് ആരോപണം

മെസ്സിയെ രക്ഷിക്കാൻ വിഎആർ കള്ളക്കളി? അർജന്റീനയുടെ വിജയത്തിൽ രാഷ്ട്രീയ കളിയെന്ന് ആരോപണം

by news_desk
0 comments

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിൽ വൻ വിവാദ കൊടുങ്കാറ്റ് ഉയർത്തി അർജന്റീന-ഈജിപ്ത് പ്രീ-ക്വാർട്ടർ മത്സരം. ചൊവ്വാഴ്ച നടന്ന ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഈജിപ്തിനെ 3-2 ന് പരാജയപ്പെടുത്തിയെങ്കിലും, മത്സരത്തിലെ വിഎആർ (VAR – Video Assistant Referee) തീരുമാനങ്ങൾ കടുത്ത അഴിമതിയും രാഷ്ട്രീയ സ്വാധീനവും നിറഞ്ഞതാണെന്ന ആരോപണവുമായി പ്രമുഖ കായിക വിദഗ്ദ്ധരും മുൻനിര പരിശീലകരും രംഗത്തെത്തി. ലോകകപ്പിലെ ഏറ്റവും വലിയ ആകർഷണമായ സാക്ഷാൽ ലയണൽ മെസ്സിയെയും സംഘത്തെയും ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ ബോധപൂർവ്വം ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണമാണ് ഈജിപ്ഷ്യൻ ക്യാമ്പ് ഉയർത്തുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫിഫ തലവൻ ജാനി ഇൻഫാന്റിനോയുമായി നടത്തി എന്ന് പറയപ്പെടുന്ന ഇടപെടലുകളെക്കുറിച്ചുള്ള വിവാദങ്ങൾ അടങ്ങും മുൻപാണ് ഫുട്ബോൾ ലോകത്തെ പിടിച്ചുലച്ച പുതിയ സംഭവം. യുഎസ്എ സ്ട്രൈക്കർ ഫോളാരിൻ ബലോഗന്റെ ചുവപ്പ് കാർഡ് സസ്പെൻഷൻ ട്രംപിന്റെ ആവശ്യപ്രകാരം ഫിഫ റദ്ദാക്കിയിരുന്നു. ആ വിവാദത്തിന് പിന്നാലെയാണ് ഇപ്പോൾ അർജന്റീനയ്ക്ക് അനുകൂലമായി വിഎആർ കള്ളക്കളി നടന്നുവെന്ന ആക്ഷേപം ശക്തമാകുന്നത്.

മെസ്സിയെ നിലനിർത്താൻ സമ്മർദ്ദമുണ്ടായി: ഹൊസാം ഹസ്സൻ

മത്സരത്തിൽ ഈജിപ്ത് നേടിയ രണ്ടാം ഗോൾ വിഎആർ പരിശോധനയിലൂടെ റദ്ദാക്കിയതാണ് കളിയിലെ വഴിത്തിരിവായത്. ഇതിന് പിന്നാലെ അർജന്റീന കളിയിലേക്ക് തിരിച്ചുവരികയും വിജയം സ്വന്തമാക്കുകയുമായിരുന്നു. ടൂർണമെന്റിലെ ഏറ്റവും വലിയ സൂപ്പർതാരമായ മെസ്സി പുറത്താകാതിരിക്കാൻ മാച്ച് ഒഫീഷ്യലുകൾക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ഈജിപ്ഷ്യൻ കോച്ച് ഹൊസാം ഹസ്സൻ തുറന്നടിച്ചു.

“അവർക്ക് മെസ്സിയെ ടൂർണമെന്റിൽ നിലനിർത്തണമായിരുന്നു. ഫുട്ബോളിൽ ചിലപ്പോൾ സാങ്കേതിക വശങ്ങൾക്കും അപ്പുറമുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടാകാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലങ്ങളിൽ നിന്നും പിന്തുണ ലഭിച്ചു,” – മത്സരശേഷം ബീൻ സ്‌പോർട്‌സിനോട് ഹസ്സൻ പറഞ്ഞു.

മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ കോച്ച് ഹൊസാം ഹസ്സൻ ഫലസ്തീൻ ജനതയ്ക്ക്, പ്രത്യേകിച്ച് ഗാസയിലുള്ളവർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് അധികൃതർക്ക് ഈജിപ്തിനോട് വിവേചനം കാണിക്കാൻ പ്രേരിപ്പിച്ചതെന്ന വിലയിരുത്തലുമുണ്ട്.

ട്രംപ് – മിലെയ് സഖ്യവും വിഎആർ അപാകതകളും

കായികരംഗത്തെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ച് പ്രമുഖ സ്പോർട്സ് പ്രൊഫസറായ സൈമൺ ചാഡ്വിക് ഗുരുതരമായ നിരീക്ഷണങ്ങളാണ് പങ്കുവെച്ചത്. അർജന്റീനൻ പ്രസിഡന്റ് ഹാവിയർ മിലെയ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയാണ്. ട്രംപ് ഭരണകൂടം ടൂർണമെന്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ഇത്തരം രാഷ്ട്രീയ ബന്ധങ്ങൾ തീരുമാനങ്ങളെ സ്വാധീനിച്ചിരിക്കാം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈജിപ്തിന്റെ മർവാൻ അത്യാ അർജന്റീന താരം ലിസാൻഡ്രോ മാർട്ടിനസിന്റെ ജേഴ്സിയിൽ ചെറുതായി പിടിച്ചുവലിച്ച് കാൽപ്പാദത്തിൽ ചവിട്ടി എന്ന കാരണത്താലാണ് ഈജിപ്തിന്റെ ഗോൾ വിഎആർ റദ്ദാക്കിയത്. എന്നാൽ കളി നടക്കുന്ന സമയത്ത് റെഫറി ഇത് ഫൗൾ വിളിച്ചിരുന്നില്ല. ഗോൾ വീണതിന് ശേഷം മാത്രം വിഎആർ ഇത്രയും പുറകോട്ട് പോയി പരിശോധിച്ചത് അസ്വാഭാവികമാണ്. ഇതേ രീതിയിലുള്ള ഫൗൾ അർജന്റീനൻ താരം ഈജിപ്തിന്റെ മുഹമ്മദ് സലായ്ക്കെതിരെ നടത്തിയിട്ടും അർജന്റീനയുടെ മൂന്നാം ഗോളിന് മുൻപ് വിഎആർ ഇടപെട്ടില്ല എന്നത് ഒഫീഷ്യലുകളുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.

‘പകൽക്കൊള്ള’യെന്ന് ജോസെ മൗറീന്യോ

പ്രശസ്ത പോർച്ചുഗീസ് കോച്ച് ജോസെ മൗറീന്യോ ഈ മത്സരത്തെ വിശേഷിപ്പിച്ചത് “പകൽക്കൊള്ള” എന്നാണ്. എന്നാൽ ഫുട്ബോൾ നിരീക്ഷകനായ അലി എൽ ഗർനിയുടെ അഭിപ്രായത്തിൽ ‘കൊള്ളയടിക്കപ്പെട്ടു’ എന്നത് കടുത്ത വാക്കാണെങ്കിലും, 50-50 സാധ്യതയുള്ള എല്ലാ തീരുമാനങ്ങളും അർജന്റീനയ്ക്ക് അനുകൂലമായാണ് വന്നത്. അർജന്റീനയാണ് 2-0 ന് മുന്നിലായിരുന്നതെങ്കിൽ വിഎആർ ഈ ഗോൾ റദ്ദാക്കുമായിരുന്നോ എന്ന് അദ്ദേഹം ചോദിക്കുന്നു.

വിഎആർ തീരുമാനങ്ങൾ കൂടുതൽ സുതാര്യമാക്കണമെന്നും, റെഫറിമാർ മൈതാനത്ത് കാർഡുകൾ വാരി വിതറി കളി വഷളാക്കുന്നതിന് പകരം വിവേകത്തോടെ പെരുമാറണമായിരുന്നുവെന്നും വിദഗ്ദ്ധർ പറയുന്നു. അർജന്റീന ഒത്തുകളിച്ചു എന്ന് പറയാനാകില്ലെങ്കിലും, മെസ്സിയെപ്പോലൊരു വലിയ ബ്രാൻഡിനെ ടൂർണമെന്റിന് ആവശ്യമുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്. എന്തായാലും ഈ വിജയത്തോടെ അർജന്റീന ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും കളിയുടെ വിശ്വാസ്യത വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

You may also like