തിരുവനന്തപുരം: എൽപി സ്കൂൾ ടീച്ചർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് തിന്ന് സമരം നടത്തി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കാത്തതിനെതിരെയാണ് പ്രതിഷേധം.
ഇന്ന് രാവിലെ 11 മണിയോടെയാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നിയമന നടപടികൾ മുന്നോട്ടുപോകുന്നില്ലെന്നാണ് ഇവരുടെ ആരോപണം. മുൻ സർക്കാരിന്റെ അവസാന കാലത്തും സമാന ആവശ്യങ്ങൾ ഉന്നയിച്ച് ഉദ്യോഗാർഥികൾ പ്രതിഷേധം നടത്തിയിരുന്നു.
2025 മെയ് 31-ന് പ്രസിദ്ധീകരിച്ച എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിൽ നിന്ന് ഇതുവരെ നടന്ന നിയമനം നാമമാത്രമാണെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിലും ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി.
ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി നിയമനം വേഗത്തിലാക്കാത്തതിൽ പ്രതിഷേധം ശക്തമാക്കാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നും ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിക്കണമെന്നും വിരമിക്കൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് അടിയന്തരമായി നിയമനം നടത്തണമെന്നും ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.

