Home Keralaഅഭിമന്യു കൊലക്കേസ്: 5 പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി; വിചാരണ നടപടികൾക്ക് വഴിയൊരുങ്ങി

അഭിമന്യു കൊലക്കേസ്: 5 പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി; വിചാരണ നടപടികൾക്ക് വഴിയൊരുങ്ങി

by news_desk1
0 comments

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ നിർത്തിവെക്കണമെന്ന അഞ്ച് പ്രതികളുടെ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. പ്രധാന പ്രതി മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാതെയാണ് വിചാരണ ആരംഭിക്കുന്നതെന്നും അതിനാൽ വിചാരണ നിർത്തിവെക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.

എന്നാൽ ആദ്യ 16 പ്രതികൾ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും ഇവർക്കെതിരായ വിചാരണ ആരംഭിക്കുന്നതിന് നിയമതടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയിൽ ഉൾപ്പെടാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസ്സമല്ലെന്നുമുള്ള പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു.

ഈ മാസം 24-ന് എറണാകുളം സെഷൻസ് കോടതി വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

You may also like