Home Keralaചട്ടലംഘനമെന്ന് ധനകാര്യ പരിശോധന; സാഹിത്യ അക്കാദമിയിലെ താത്കാലിക നിയമനങ്ങൾ റദ്ദാക്കാൻ ശുപാർശ

ചട്ടലംഘനമെന്ന് ധനകാര്യ പരിശോധന; സാഹിത്യ അക്കാദമിയിലെ താത്കാലിക നിയമനങ്ങൾ റദ്ദാക്കാൻ ശുപാർശ

by news_desk1
0 comments

തിരുവനന്തപുരം: സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ തസ്തികകൾ സൃഷ്ടിച്ചും ചട്ടവിരുദ്ധമായും സാഹിത്യ അക്കാദമിയിലും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും നടത്തിയ താത്കാലിക നിയമനങ്ങൾ റദ്ദാക്കണമെന്ന് ധനകാര്യ പരിശോധന വിഭാഗം ശുപാർശ ചെയ്തു. അക്കാദമിക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്ന് സാംസ്കാരിക വകുപ്പിനോടാണ് ധനകാര്യ പരിശോധന വിഭാഗം ആവശ്യപ്പെട്ടത്. താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

സർക്കാരിന്റെ അനുമതിയില്ലാതെ സാഹിത്യ അക്കാദമിയിൽ പുതിയ തസ്തികകൾ സൃഷ്ടിക്കരുതെന്നതാണ് 2013-ലെ സർക്കാർ ഉത്തരവ്. താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയായിരിക്കണമെന്നാണ് അക്കാദമിയുടെ ചട്ടം. എന്നാൽ 2014 മുതൽ 2024 വരെ നടത്തിയ കരാർ നിയമനങ്ങളിൽ ഈ ചട്ടം പാലിച്ചിട്ടില്ലെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ കണ്ടെത്തൽ.

അംഗീകൃത തസ്തികകളില്ലാതെ 15 കരാർ നിയമനങ്ങൾ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഡ്രൈവർമാരുടെ നിയമനം മുതൽ വിവിധ പ്രോജക്ടുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള കരാർ നിയമനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.

നിയമനം നടത്തിയ ശേഷം മുൻകാല പ്രാബല്യത്തോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങുന്നതായിരുന്നു പതിവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് പേരെ നിയമിച്ചതും അംഗീകൃത തസ്തികകളിലല്ലാത്തതിനാൽ ഈ നിയമനങ്ങളും റദ്ദാക്കണമെന്ന് ശുപാർശ ചെയ്തു.

2007 മുതൽ 2011 വരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ച അഞ്ച് പേരുടെയും നിയമനം അംഗീകൃത തസ്തികകളിലല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവരെ ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ സ്ഥിരപ്പെടുത്തണമെന്ന് അക്കാദമി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമേ തീരുമാനം എടുക്കാവൂവെന്നാണ് ധനകാര്യ പരിശോധന വിഭാഗത്തിന്റെ നിർദേശം.

ആറ് സ്ഥിരം തസ്തികകൾ ഒഴിവായി കിടന്ന സാഹചര്യത്തിലാണ് കരാർ, ദിവസവേതന നിയമനങ്ങൾ നടത്തിയതെന്നും മെയ് മാസത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സാഹിത്യ അക്കാദമിയിലെ നിയമനങ്ങളെക്കുറിച്ച് ധനകാര്യ പരിശോധന വിഭാഗം അന്വേഷണം നടത്തിയത്.

You may also like