തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലിയുള്ള ചർച്ചയിൽ പുറത്തുപറയത്തക്ക ധാരണയായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പരസ്പര കൂടിയാലോചനയിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും എൽഡിഎഫിനകത്ത് യാതൊരു ഭിന്നതയോ പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ സംസ്ഥാന ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചത്.
“നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച വിഷയം സിപിഐ ഉന്നയിച്ചു. സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൂടിയാലോചനയിലൂടെ പരിഹാരം കണ്ടെത്താനാണ് ശ്രമം. എൽഡിഎഫിനകത്ത് ഭിന്നതയോ പ്രശ്നങ്ങളോ ഇല്ല. മുന്നണിയുടെ പ്രവർത്തനം കരുത്തോടെ തുടരും,” അദ്ദേഹം പറഞ്ഞു.
സിപിഐക്കും സിപിഐഎമ്മിനും ഒരേ രാഷ്ട്രീയമാണുള്ളതെന്നും അത് എൽഡിഎഫിന്റെ രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആ രാഷ്ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്തിയാണ് മുന്നോട്ടുപോകുകയെന്നും പ്രതിപക്ഷ ഉപനേതൃ പദവി തക്കസമയത്ത് ലഭിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച വിഷയത്തിൽ സിപിഐയ്ക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിപിഐഎമ്മിന്റെ നിലപാടെങ്കിൽ പിന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഐ. ഈ വിഷയം പൊതുചർച്ചയാക്കേണ്ടതില്ലെന്നും പരസ്പര ധാരണയിലൂടെ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് തുടരുന്നതെന്നും ടി.പി. രാമകൃഷ്ണൻ നേരത്തെയും വ്യക്തമാക്കിയിരുന്നു.

