Home Top Storiesതിരഞ്ഞെടുപ്പ് തോൽവി: നേതാക്കളുടെ പെരുമാറ്റം വരെ തിരുത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി; സ്വയംവിമർശനത്തിന് നിർദേശം

തിരഞ്ഞെടുപ്പ് തോൽവി: നേതാക്കളുടെ പെരുമാറ്റം വരെ തിരുത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി; സ്വയംവിമർശനത്തിന് നിർദേശം

by news_desk1
0 comments

ദില്ലി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ സി.പി.എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറൽ സെക്രട്ടറി എം.എ. ബേബി അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് വീഴ്ചകൾ സംഭവിച്ചെന്നും, ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങൾക്കൊപ്പം നിലകൊള്ളുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

നേതാക്കളുടെ പെരുമാറ്റത്തിലും പ്രവർത്തനശൈലിയിലും ഗുരുതരമായ പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും, ജനങ്ങളോട് വിനയത്തോടെ സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ക്ഷമാപൂർവം കേൾക്കാനും കഴിയാതെ വന്നത് അടിമുടി തിരുത്തണമെന്നും പാർട്ടി തയ്യാറാക്കിയ രേഖ നിർദേശിക്കുന്നതായി എം.എ. ബേബി പറഞ്ഞു.

സെപ്റ്റംബർ പകുതിയോടെ ചേരുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയും നേതൃത്വത്തിന്റെ വീഴ്ചകളും വിശദമായി ചർച്ച ചെയ്യുമെന്നും, സ്വയംവിമർശനം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ പരാതിയില്ല

സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുടെ സ്ഥാനാർഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങൾ മാധ്യമങ്ങൾ അനാവശ്യമായി ചർച്ചയാക്കിയതാണെന്നും, എൽ.ഡി.എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തർക്കം സംസ്ഥാനതലത്തിൽ സി.പി.എം-സി.പി.ഐ നേതൃത്വങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം.എ. ബേബി പറഞ്ഞു.

കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും, അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി നിയമിച്ചതിനെതിരെ ഔദ്യോഗിക പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ പോലെ അല്ല യാഥാർഥ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ പാർട്ടി പ്രതികരിച്ചെങ്കിലും അത് ആവശ്യമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉയർന്നതായി അദ്ദേഹം അറിയിച്ചു.

വിഴിഞ്ഞം വിഷയത്തിലും ദേശീയ രാഷ്ട്രീയത്തിലും വിമർശനം

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യു.ഡി.എഫിനെയും മാധ്യമങ്ങളെയും എം.എ. ബേബി വിമർശിച്ചു. അദാനിയെ ആദ്യം കൊണ്ടുവന്നത് ഉമ്മൻചാണ്ടി സർക്കാരാണെന്നും, അതാണ് പിന്നീട് പിണറായി സർക്കാർ തുടർന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ നിലവിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ദുരൂഹതയുണ്ടെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിമാനയാത്ര സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയതലത്തിൽ പശ്ചിമ ബംഗാളിൽ ബി.ജെ.പി നേടിയ വലിയ വിജയം ഗൗരവകരമാണെന്നും, രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ കേന്ദ്രം ശ്രമിക്കുന്നതെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി അദ്ദേഹം പറഞ്ഞു.

അയോധ്യ രാമക്ഷേത്ര സംഭാവനയിലെ ക്രമക്കേടുകൾ, സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ബില്ലുകൾ കൊണ്ടുവരുന്ന കേന്ദ്രനടപടികൾ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. വനിതാ സംവരണ ബില്ലുമായി ബന്ധിപ്പിച്ചുള്ള മണ്ഡല പുനർനിർണയത്തിനെതിരെ പ്രചാരണം ആരംഭിക്കുമെന്നും, തൊഴിലാളി യൂണിയനുകളുടെയും സംയുക്ത കിസാൻ മോർച്ചയുടെയും പ്രക്ഷോഭങ്ങൾക്ക് കേന്ദ്ര കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

You may also like