കൊല്ലം: റോഡിൽ കളഞ്ഞുകിട്ടിയ മൂന്നര പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി വിമുക്തഭടൻ. കുളക്കട ജിഎച്ച്എസ്എസിലെ താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരനും കുറ്ററ ഇരുവേലിക്കൽ സുധാലയത്തിൽ താമസിക്കുന്ന സുധാകരൻ നായരുമാണ് പന്തളം മെഴുവേലിൽ മാങ്കൂട്ടത്തിൽ കോമള (72)യ്ക്ക് സ്വർണമാല തിരികെ കൈമാറിയത്.
രണ്ടുദിവസം മുമ്പ് രാവിലെ ഒൻപതരയോടെയാണ് കുളക്കട ജിഎച്ച്എസ്എസിന് മുന്നിൽ നിന്ന് സുധാകരൻ നായർക്ക് മാല ലഭിച്ചത്. വിദ്യാർഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നതിനിടെയാണ് റോഡിൽ ഒരു പ്ലാസ്റ്റിക് കവർ കണ്ടത്. അത് തുറന്നുനോക്കിയപ്പോഴാണ് ഉള്ളിൽ സ്വർണമാലയാണെന്ന് മനസ്സിലായത്.
ഉടൻ തന്നെ ഓട്ടോറിക്ഷ തൊഴിലാളികളെയും കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിൽ പങ്കെടുത്തിരുന്നവരെയും വിവരം അറിയിച്ചു. സാമൂഹികമാധ്യമങ്ങളിലൂടെയും വിവരം പ്രചരിപ്പിച്ചു.
തുടർന്ന് അടുത്ത ദിവസം പുത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തി സ്വർണമാല കൈമാറി. മാല ലഭിച്ച വിവരം കോമളയുടെ സഹോദരഭാര്യ അറിഞ്ഞതോടെ അവർ സുധാകരൻ നായരെ ബന്ധപ്പെടുകയായിരുന്നു.
അടുത്ത ദിവസം പുത്തൂർ പൊലീസ് സ്റ്റേഷനിൽ എസ്.ഐ. വിമൽ രംഗനാഥ്, പ്രമോദ്, ഉഷാകുമാരി എന്നിവരുടെ സാന്നിധ്യത്തിൽ സുധാകരൻ നായർ സ്വർണമാല കോമളയ്ക്ക് കൈമാറി.
കുളക്കടയിലെ സഹോദരന്റെ വീട്ടിലേക്ക് വരുന്നതിനിടെ ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കോമളയുടെ മാല നഷ്ടമായത്. സ്വർണവില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും കളഞ്ഞുകിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകിയ സുധാകരൻ നായരുടെ സത്യസന്ധതയ്ക്ക് നാട്ടുകാർ അഭിനന്ദനം അറിയിക്കുകയാണ്.

