കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഇതുസംബന്ധിച്ച് കുടുംബവും പൊലീസും അഭിഭാഷകനും ചർച്ച നടത്തി. ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണെന്ന് പൊലീസ് കുടുംബത്തെ ബോധ്യപ്പെടുത്തിയതായും തുടർനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി. നിലവിലെ പൊലീസ് നടപടികളിൽ തൃപ്തിയുണ്ടെന്നും കുടുംബം അറിയിച്ചു.
അപകടവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സി.ഐ ശ്യാംകുമാർ കെ.എസ്, എസ്.എച്ച്.ഒ വിശ്വജിത്ത് വി.എസ്, എ.എസ്.ഐ മനോജ് കെ.ടി, സി.പി.ഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി. സംഭവസ്ഥലം സന്ദർശിച്ച എ.ഡി.ജി.പി പി. വിജയൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. നടപടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പ്രഖ്യാപിച്ചു.
