Home Keralaദയാവധം നിർദേശിച്ച കുട്ടിയാനയ്ക്ക് ഇനി പുതിയ പ്രതീക്ഷ; അനന്ത് അംബാനിയുടെ ഇടപെടൽ, വൻതാരയിലേക്ക് പ്രത്യേക വിമാനത്തിൽ

ദയാവധം നിർദേശിച്ച കുട്ടിയാനയ്ക്ക് ഇനി പുതിയ പ്രതീക്ഷ; അനന്ത് അംബാനിയുടെ ഇടപെടൽ, വൻതാരയിലേക്ക് പ്രത്യേക വിമാനത്തിൽ

by news_desk1
0 comments

പത്തനംതിട്ട: ഗുരുതര പരിക്കുകളും ജന്മനാ ഉള്ള അസ്ഥിവൈകല്യവും കാരണം ദയാവധം നിർദേശിക്കപ്പെട്ട കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയ്ക്ക് ഇനി പുതിയ പ്രതീക്ഷ. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയാനയെ ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് മാറ്റും. അനന്ത് അംബാനിയുടെ ഇടപെടലോടെയാണ് ആനയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാനുള്ള നടപടി.

വീണ് തോളിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയാനയ്ക്ക് നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ജന്മനാ അസ്ഥിവൈകല്യമുള്ള ആനയെ കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് അഭയാരണ്യത്തിലെത്തിച്ചത്. കേരളത്തിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളില്ലെന്ന വിലയിരുത്തലിനെത്തുടർന്ന് ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി ദയാവധം നിർദേശിച്ചിരുന്നു. പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനായി വൻതാരയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

ക്രെയിൻ ഉപയോഗിച്ച് കുട്ടിയാനയെ ലോറിയിലേക്ക് കയറ്റിയ ശേഷമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുക. അവിടെനിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ജാംനഗറിലെ വൻതാരയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് രണ്ടോടെ വിമാനം വൻതാരയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനംവകുപ്പിന്റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം യാത്രതിരിക്കും.

വൻതാരയിലെ വിദഗ്ധ ചികിത്സയിലൂടെ കുട്ടിയാന സുഖം പ്രാപിച്ചാൽ തിരികെ കേരളത്തിലെത്തിക്കാനാണ് തീരുമാനം. ദയാവധത്തിലേക്ക് നീങ്ങിയ കുട്ടിയാനയുടെ ജീവിതത്തിന് പുതിയൊരു അവസരമാണ് ഈ നീക്കം നൽകുന്നത്.

You may also like