Home Keralaസംഗീത സംവിധായകന്റെ വാടകവീട്ടിൽ പൊലീസ് റെയ്ഡ്; 12 എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവഗായകൻ അറസ്റ്റിൽ

സംഗീത സംവിധായകന്റെ വാടകവീട്ടിൽ പൊലീസ് റെയ്ഡ്; 12 എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവഗായകൻ അറസ്റ്റിൽ

by news_desk1
0 comments

കൊച്ചി: സംഗീത സംവിധായകൻ വാടകയ്ക്കെടുത്ത വീട്ടിൽ യുവാക്കളുടെ നിരന്തര സന്ദർശനം; പിന്നാലെ പൊലീസിന്റെ നിരീക്ഷണവും പരിശോധനയും. കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 12 എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിലായി. എറണാകുളം പനമ്പിള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യൻ (24) ആണ് പിടിയിലായത്.

പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ അലൻ വർഗീസ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് സിജോയെ പൊലീസ് പിടികൂടിയത്. താൻ ഗായകനാണെന്നാണ് ഇയാൾ പൊലീസിനോട് അവകാശപ്പെട്ടത്.

ഈ വീട് കേന്ദ്രീകരിച്ച് ടാറ്റൂ ചെയ്യുന്നതായും നിരവധി യുവാക്കളും യുവതികളും പതിവായി വന്നുപോകുന്നതായും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെത്തിയത്.

ഈ മാസം കൊച്ചി സിറ്റിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കേസാണിത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡി.സി.പിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ കൊച്ചി സിറ്റി നർക്കോട്ടിക് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ലഹരിമാഫിയക്കെതിരെ കർശന നടപടി തുടരുമെന്നും വരും ദിവസങ്ങളിൽ നഗരത്തിലെ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് കമ്മീഷണർ അറിയിച്ചു.

You may also like