ചെന്നൈ: ഭൂമി ഏറ്റെടുക്കുകയും ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തശേഷം പരന്തൂരിലെ വൻകിട ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സർക്കാരിന്റെ ഇഷ്ടാനുസരണം ഇത്തരം വൻകിട പദ്ധതികൾ ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പൊതുപണം പാഴാക്കരുതെന്നും കോടതി നിരീക്ഷിച്ചു.
പരന്തൂരിലെ 27,000 കോടി രൂപയുടെ വിമാനത്താവള പദ്ധതി ഉപേക്ഷിക്കാനുള്ള ടി.വി.കെ സർക്കാരിന്റെ തീരുമാനത്തിനെതിരെ ജി. ഗൗതമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരിയും ജസ്റ്റിസ് ജി. അരുള് മുരുകനും ഉൾപ്പെട്ട ഒന്നാം ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയതിനെ തുടർന്ന് 2026 ഓഗസ്റ്റ് 24 മുതൽ പദ്ധതി തടസ്സപ്പെട്ടിരിക്കുകയാണെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആകെ 6,400 ഏക്കറിൽ 1,700 ഏക്കർ ഇതിനകം ഏറ്റെടുക്കുകയും ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പദ്ധതി ഉപേക്ഷിച്ച് മറ്റൊരു സ്ഥലം പരിഗണിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്രയധികം ഭൂമി ഏറ്റെടുക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തശേഷം എങ്ങനെയാണ് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാനാകുകയെന്ന് അഡ്വക്കേറ്റ് ജനറൽ വിജയ് നാരായണനോട് കോടതി ചോദിച്ചു. സർക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചല്ല വിമാനത്താവളങ്ങൾ നിർമിക്കുന്നതെന്നും സാധ്യതാപഠനത്തിന് അംഗീകാരം നൽകിയ ശേഷമാണ് ഇത്തരം പദ്ധതികൾക്ക് അനുമതി നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തിൽ പദ്ധതി പ്രായോഗികമല്ലെന്ന് പറയാനാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് നടപടിക്രമങ്ങളിലാണെന്നും അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ഒരു ഭാഗം ഏറ്റെടുക്കുകയും നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, നിലവിലെ പദ്ധതി പ്രദേശം അനുയോജ്യമല്ലെന്നാണ് സർക്കാർ കണ്ടെത്തിയതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. പദ്ധതിക്ക് ആകെ 5,368 ഏക്കർ ഭൂമിയാണ് ആവശ്യമായിരുന്നത്. ഇതിൽ ജലാശയങ്ങൾ, കൃഷിഭൂമി, തണ്ണീർത്തടങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏകദേശം 201 ഏക്കറുണ്ട്. ഈ പ്രദേശങ്ങളിലെ ജലാശയങ്ങളുടെയും കൃഷിഭൂമിയുടെയും സാന്നിധ്യം പരിസ്ഥിതി അനുമതി ലഭിക്കുന്നതിന് തടസ്സമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
തെറ്റായ തീരുമാനം തിരുത്താനാകുമെന്നും അഡ്വക്കേറ്റ് ജനറൽ കൂട്ടിച്ചേർത്തു. ഹർജിയിൽ മറുപടി സമർപ്പിക്കാൻ സംസ്ഥാന സർക്കാരുൾപ്പെടെയുള്ള എതിർകക്ഷികൾക്ക് കോടതി നിർദേശം നൽകി. തുടർന്ന് കേസ് മാറ്റിവച്ചു
