തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനക്കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിൽ നിന്ന് വിശദീകരണം തേടാൻ ഡിജിപി തീരുമാനിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിൽ വ്യക്തത ലഭിച്ചതിനെ തുടർന്നാണ് നടപടി.
എം.ആർ. അജിത് കുമാറിന് ഇന്ന് ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകും. രണ്ട് ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദേശം. വിശദീകരണം ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറാനാണ് നീക്കം.
അതേസമയം, അജിത് കുമാറിന്റെ സ്ഥാനക്കയറ്റം പരിഗണിക്കുന്ന യോഗം ഈ മാസം 20-ന് ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും പങ്കെടുക്കും. സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട തീരുമാനത്തിൽ അന്വേഷണ റിപ്പോർട്ട് നിർണായകമാകും. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിക്കാത്ത പക്ഷം എസ്. ശ്രീജിത്തിനെ പരിഗണിക്കാനാണ് സാധ്യത.
നവകേരള യാത്രയ്ക്കിടെ ഉണ്ടായ മർദനക്കേസ് അട്ടിമറിക്കാൻ അജിത് കുമാർ ഇടപെട്ടതിന്റെ തെളിവുകൾ എസ്‌ഐടി ഇന്നലെ ഡിജിപിക്ക് കൈമാറിയിരുന്നു. അജിത് കുമാറിന്റെ പേര് പരാമർശിക്കുന്ന റിപ്പോർട്ടിനൊപ്പം കൂടുതൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഡിജിപിയുടെ ശുപാർശ ലഭിച്ചാൽ എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നു.
നവകേരള യാത്രയ്ക്ക് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ഡിജിപി നേരത്തെ വ്യക്തത തേടിയിരുന്നു. റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനായിരുന്നു എസ്‌ഐടിക്ക് നിർദേശം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി. തുടർന്ന് എസ്‌ഐടി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.
മർദനക്കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്തി തെളിവില്ലെന്ന രീതിയിൽ പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നുവെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാറിന്റെ നിർദേശപ്രകാരമാണ് റിപ്പോർട്ട് തിരുത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചുവെന്നാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി. ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെയുള്ള ദിവസങ്ങളായ ഓഗസ്റ്റ് 12 മുതൽ 15 വരെ പൊലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നും മൊഴിയിൽ പറയുന്നു.
ദുരന്തസാഹചര്യം നിലനിന്നതിനാൽ റിപ്പോർട്ട് മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടില്ലെന്നും ആരും അറിയില്ലെന്നും അജിത് കുമാർ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ മൊഴി നൽകിയിട്ടുണ്ട്. അജിത് കുമാർ മോശമായി പെരുമാറിയതിനെ തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ഒരു എസ്‌ഐ മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടും എസ്‌ഐടി തെളിവായി സമർപ്പിച്ചിട്ടുണ്ട്.

