Home Localആക്രിക്കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ സാമ്രാജ്യം; വിമാനത്തിൽ മയക്കുമരുന്ന് എത്തിച്ച ‘ദാദാ’ പിടിയിൽ

ആക്രിക്കച്ചവടത്തിന്റെ മറവിൽ ഹെറോയിൻ സാമ്രാജ്യം; വിമാനത്തിൽ മയക്കുമരുന്ന് എത്തിച്ച ‘ദാദാ’ പിടിയിൽ

by news_desk1
0 comments

കൊച്ചി: കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) അറസ്റ്റിൽ. മയക്കുമരുന്ന് വ്യാപാരികൾക്കിടയിൽ ‘ദാദാ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാൾ, അങ്കമാലിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിലായ കേസിന്റെ തുടർ അന്വേഷണത്തിലാണ് പിടിയിലായത്.

കേരളത്തിലെത്തി ഏകദേശം പത്ത് വർഷമായി താമസിച്ചിരുന്ന ഷെഫീഖുൾ വിവിധ പ്ലൈവുഡ് കമ്പനികളിൽ ജോലി ചെയ്തിരുന്നു. പിന്നീട് ആക്രിക്കച്ചവടത്തിലേക്ക് മാറിയ ഇയാൾ തുടർന്ന് മയക്കുമരുന്ന് വ്യാപാരത്തിലേക്ക് കടക്കുകയായിരുന്നു.

ആഡംബര ജീവിതം നയിച്ചിരുന്ന ഇയാൾ, മയക്കുമരുന്ന് വാങ്ങാനായി അസമിലേക്കും തിരിച്ചും വിമാന മാർഗമാണ് യാത്ര ചെയ്തിരുന്നത്. അസമിൽ നിന്ന് ഏകദേശം 30,000 രൂപയ്ക്ക് എത്തിച്ചിരുന്ന ഒരു ബോക്സ് ഹെറോയിൻ കേരളത്തിൽ 80,000 മുതൽ ഒരു ലക്ഷം രൂപ വരെ വിലയ്ക്ക് വിറ്റിരുന്നു. ചെറിയ കുപ്പികളിലാക്കി ഒരു കുപ്പിക്ക് 1,000 രൂപ നിരക്കിലും വിൽപ്പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.

പെരുമ്പാവൂരായിരുന്നു ഇയാളുടെ പ്രധാന പ്രവർത്തന കേന്ദ്രം. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വാടകവീടുകൾ എടുത്ത് പോലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്.

പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിലെ ഇയാളുടെ വാടകവീട്ടിൽ നിന്ന് രണ്ട് ചാക്കുകളിലായി മയക്കുമരുന്ന് പായ്ക്ക് ചെയ്യാൻ ഉപയോഗിച്ച നൂറുകണക്കിന് ചെറിയ കുപ്പികൾ പൊലീസ് കണ്ടെത്തി. ആക്രിക്കച്ചവടത്തിന്റെ മറവിൽ നടത്തിയ ഈ വ്യാപാരത്തിലൂടെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ വ്യക്തമായി.

അസമിൽ നിന്ന് കാർ മാർഗം മയക്കുമരുന്ന് കടത്തിയിരുന്ന മൂന്ന് അംഗ സംഘത്തെയാണ് നേരത്തെ പൊലീസ് പിടികൂടിയത്. കാറിന്റെ രഹസ്യ അറകളിൽ സോപ്പ് ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ കണ്ടെത്തിയത്. അസം രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു കടത്ത്. ജില്ലയിൽ ഇത്രയും വലിയ ഹെറോയിൻ വേട്ട ആദ്യമായാണ് നടന്നത്.

ലഹരിവിരുദ്ധ പ്രത്യേക പരിശോധനയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഷെഫീഖുൾ ഇസ്ലാമിനെ പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

You may also like