Home Internationalഅമേരിക്കൻ വിദ്യാർത്ഥി വിസയ്ക്ക് നിയന്ത്രണവുമായി ട്രംപ് ഭരണകൂടം; സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസ കാലാവധി ഇനി പരമാവധി നാല് വർഷം

അമേരിക്കൻ വിദ്യാർത്ഥി വിസയ്ക്ക് നിയന്ത്രണവുമായി ട്രംപ് ഭരണകൂടം; സ്റ്റുഡന്റ്, എക്സ്ചേഞ്ച് വിസ കാലാവധി ഇനി പരമാവധി നാല് വർഷം

by news_desk1
0 comments

വാഷിംഗ്ടൺ: അമേരിക്കയിൽ വിദ്യാർത്ഥി വിസ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്റ് (F-1), എക്സ്ചേഞ്ച് (J-1) വിസകളുടെ പരമാവധി കാലാവധി നാല് വർഷമായി നിശ്ചയിച്ചുകൊണ്ടുള്ള പുതിയ നയം അന്തിമമായി പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

പുതിയ നിയമപ്രകാരം ഫെഡറൽ സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെ വിദേശ വിദ്യാർത്ഥികൾക്ക് നാല് വർഷത്തിലധികം അമേരിക്കയിൽ തുടരാനാകില്ല. നാല് വർഷത്തിൽ കൂടുതൽ ദൈർഘ്യമുള്ള കോഴ്സുകളിൽ പഠിക്കുന്നവർക്ക് കാലാവധി നീട്ടാൻ പ്രത്യേക അനുമതി തേടേണ്ടിവരും.

വിദ്യാർത്ഥികൾക്ക് കോഴ്സ് മാറ്റുന്നതിനും മറ്റ് സർവകലാശാലകളിലേക്കോ കോളേജുകളിലേക്കോ ട്രാൻസ്ഫർ നേടുന്നതിനും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതുവരെ വിസ കാലാവധി നീട്ടിനൽകാനുള്ള അധികാരം അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരുന്നു. പുതിയ പരിഷ്‌കരണത്തോടെ ആ അധികാരം ഫെഡറൽ സർക്കാരിലേക്കാണ് മാറുന്നത്. സെപ്റ്റംബർ മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

മുൻപ് F-1, J-1 വിസകളിലുള്ള വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തുടരാൻ സാധിച്ചിരുന്നു. ഇനി മുതൽ കൃത്യമായ സമയപരിധി ബാധകമാകും. പഠനം പൂർത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ മറ്റൊരു വിസ വിഭാഗത്തിലേക്ക് മാറുന്നതിനോ ലഭിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് 30 ദിവസമായി ചുരുക്കുകയും ചെയ്തു.

ഗവേഷണ വിദ്യാർത്ഥികളെയും പുതിയ നയം ബാധിക്കും. അമേരിക്കയിലെ ഭൂരിഭാഗം ബിരുദ കോഴ്സുകളും നാല് വർഷത്തിനുള്ളിൽ പൂർത്തിയാകുന്നുവെങ്കിലും ഡോക്ടറേറ്റ് ഉൾപ്പെടെയുള്ള ഉപരിപഠന കോഴ്സുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. ഫണ്ടിംഗ് കുറവ്, ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസം തുടങ്ങിയ കാരണങ്ങളാൽ പഠന ദൈർഘ്യം വർധിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ നിയമം വെല്ലുവിളിയാകുമെന്നാണ് ആശങ്ക.

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതും അമേരിക്കയുടെ വിദേശനയങ്ങളെ വിമർശിക്കുന്ന വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ ട്രംപ് ഭരണകൂടം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് പുതിയ വിസ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത്.

വ്യാപകമായ വിസ ദുരുപയോഗം തടയാനും ദേശീയ സുരക്ഷ ശക്തിപ്പെടുത്താനുമാണ് പുതിയ നിയമമെന്ന് യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.

“പതിറ്റാണ്ടുകളായി വിദേശ വിദ്യാർത്ഥികൾക്ക് അനിശ്ചിതകാലത്തേക്ക് അമേരിക്കയിൽ തുടരാൻ അവസരമുണ്ടായിരുന്നു. രാജ്യം വിടാതെ തുടരാൻ വേണ്ടി നിരന്തരം കോഴ്സുകളിൽ ചേർന്ന് ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാൻ പുതിയ നിയമം സഹായിക്കും,” ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി.

You may also like