തെഹ്‌റാൻ: ഇറാനിലുടനീളം അമേരിക്കയുടെ സൈനിക ആക്രമണം തുടരുന്നു. ഖേഷം ദ്വീപിലുണ്ടായ സ്‌ഫോടനത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ബന്ദർ അബാസ്, ചബഹർ എന്നിവിടങ്ങളിലും ആക്രമണമുണ്ടായി. അഹ്വാസ് കാൻസർ ആശുപത്രിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. രാജ്യത്തിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുമെന്ന് ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാൻ പ്രതികരിച്ചു.
അതേസമയം, അറബ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി തുടരുകയാണ്. കുവൈറ്റിലും ബഹ്റൈനിലും ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്.
ഇറാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ബഹ്റൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് യുഎഇയും രംഗത്തെത്തി. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങാൻ ശ്രമിച്ച ഒരു എണ്ണക്കപ്പലിനെ ഹെൽഫയർ മിസൈലുകൾ പ്രയോഗിച്ച് പ്രവർത്തനരഹിതമാക്കിയതായി യുഎസ് സൈന്യം അറിയിച്ചു.
റോമിൽ നടന്ന ചർച്ചകൾക്ക് പിന്നാലെ തെക്കൻ ലെബനനിൽ നിന്ന് പരിമിതമായ തോതിൽ ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതിനുള്ള മാർഗനിർദേശങ്ങളിൽ ലെബനനും ഇസ്രായേലും ധാരണയിലെത്തിയതായി യുഎസും അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്കൻ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ സ്ഥിരീകരിച്ചു. ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യക്കും കുവൈറ്റിനും കൂടുതൽ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക തീരുമാനിച്ചു. സൗദിക്ക് 1.96 ബില്യൺ ഡോളറിന്റെ ആയുധങ്ങളും കുവൈറ്റിന് 484 മില്യൺ ഡോളറിന്റെ പ്രത്യേക വ്യോമ പ്രതിരോധ പാക്കേജിനും അമേരിക്ക അംഗീകാരം നൽകി.
ഇന്നലെയും അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന ഹോർമുസ് കടലിടുക്കിലെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയാണ് ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ തീരദേശ സൈനിക കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും വാണിജ്യ കപ്പൽഗതാഗതത്തിന് ഭീഷണിയാകുന്ന സൈനിക സംവിധാനങ്ങളെ തകർക്കുകയാണ് ലക്ഷ്യമെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ നാലാം ദിവസവും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എണ്ണവിലയിൽ 0.4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

