ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലിൽ വിശദമായ ചർച്ച നടത്തുന്നതിനായി സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ബില്ലിലെ നിർദേശങ്ങൾ ചർച്ച ചെയ്യാനും ഭേദഗതി ബിൽ പഠിക്കാൻ പ്രതിപക്ഷത്തിന് മതിയായ സമയം അനുവദിക്കണമെന്നുമാണ് ഖർഗെയുടെ ആവശ്യം.
ഇക്കഴിഞ്ഞ മാർച്ച് മുതൽ ഏപ്രിൽ വരെ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി കാര്യ മന്ത്രിക്ക് പലതവണ കത്തയച്ചിരുന്നുവെന്നും എന്നാൽ അത് പരിഗണിക്കപ്പെട്ടില്ലെന്നും ഖർഗെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തുടർന്ന്, ഏപ്രിൽ 17-ന് ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ പരാജയപ്പെട്ടു. വരുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ പരിഷ്കരിച്ച ഭരണഘടനാ ഭേദഗതി ബിൽ വീണ്ടും അവതരിപ്പിക്കുമെന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞ സാഹചര്യത്തിൽ, സർക്കാരിന്റെ പുതിയ നിർദേശങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു.
2026 ഏപ്രിലിൽ ലോക്സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന്റെ ലക്ഷ്യം ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കുകയും മണ്ഡല പുനർനിർണയത്തിന് ശേഷം വനിതാ സംവരണം നടപ്പാക്കുകയും ചെയ്യുന്നതായിരുന്നു. എന്നാൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ബിൽ പാസാകാതെ പോയി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ബില്ലിന്മേലുള്ള വോട്ടെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ രാഷ്ട്രീയത്തിൽ ഉണ്ടായ മാറ്റങ്ങളും കേന്ദ്രസർക്കാരിന് പ്രതീക്ഷ നൽകുന്നതായാണ് വിലയിരുത്തൽ.
തൃണമൂൽ കോൺഗ്രസിലുണ്ടായ പിളർപ്പും എൻസിപി (ശരദ് പവാർ വിഭാഗം) ബില്ലിനെ പരോക്ഷമായി പിന്തുണയ്ക്കാമെന്ന സൂചനയും സർക്കാരിന് അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പുനൽകിയാൽ ബില്ലിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സുപ്രിയ സുലെ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

