Home National‘ജോലിക്ക് പോകൂ’ എന്ന ഉപദേശം പ്രകോപനമായി; മുത്തശ്ശിയെ കഴുത്തറത്ത് കൊന്ന് 24-കാരൻ

‘ജോലിക്ക് പോകൂ’ എന്ന ഉപദേശം പ്രകോപനമായി; മുത്തശ്ശിയെ കഴുത്തറത്ത് കൊന്ന് 24-കാരൻ

by news_desk1
0 comments

ബെംഗളൂരു: ജോലിക്ക് പോകാൻ നിരന്തരം ഉപദേശിച്ചതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ മുത്തശ്ശിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ 24-കാരൻ അറസ്റ്റിൽ. ബെംഗളൂരു കെ.എസ്. ലേഔട്ട് സ്വദേശിയായ പ്രജ്വൽ (24) ആണ് മുത്തശ്ശിയായ ഡി. ഗൗരമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. ചൊവ്വാഴ്ച രാത്രി ബെംഗളൂരു ബന്നാർഘട്ടയിലെ ഗൗരമ്മയുടെ വീട്ടിലായിരുന്നു സംഭവം.

പ്രജ്വലിന്റെ അമ്മയുടെ മാതാപിതാക്കളായ ദൊഡ്ഡ ദുരുഗയ്യയും ഗൗരമ്മയും ബന്നാർഘട്ടയിലെ വീട്ടിലായിരുന്നു താമസം. അടുത്തിടെ ദുരുഗയ്യ ജോലിസംബന്ധമായി കനകാപുരയിലേക്ക് പോയതോടെ വീട്ടിൽ ഒറ്റയ്ക്കായ ഗൗരമ്മയ്ക്ക് കൂട്ടിരിക്കാനാണ് പ്രജ്വലിനെ ബന്നാർഘട്ടയിലേക്ക് അയച്ചത്.

കോളേജ് പഠനം പാതിവഴിയിൽ നിർത്തിയ പ്രജ്വൽ ഏറെക്കാലമായി തൊഴിൽരഹിതനാണ്. ബന്നാർഘട്ടയിൽ താമസിക്കുന്നതിനിടെ ജോലിക്ക് പോകാനും ജീവിതത്തിൽ ഉത്തരവാദിത്വം കാണിക്കാനും ഗൗരമ്മ നിരന്തരം ഉപദേശിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി തർക്കമുണ്ടാകാറുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രിയും ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഗൗരമ്മ ജോലിക്കാര്യം വീണ്ടും ആവർത്തിച്ച് കൊച്ചുമകനെ ഉപദേശിച്ചു. ഇതിൽ പ്രകോപിതനായ പ്രതി അടുക്കളയിൽ നിന്ന് കത്തിയെടുത്ത് മുത്തശ്ശിയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ കെ.എസ്. ലേഔട്ടിലെ സ്വന്തം വീട്ടിലെത്തി അമ്മയെ വിവരം അറിയിച്ച ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു. ബുധനാഴ്ച ഉച്ചയോടെ ബന്നാർഘട്ടയ്ക്ക് സമീപത്തെ ഒളിയിടത്തിൽ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

You may also like