പത്തനംതിട്ട: മൃതദേഹം പുറത്തെടുക്കുന്നതിനിടെ പരിക്കേറ്റ് ഗുരുതര അണുബാധ ബാധിച്ച പൊലീസ് സഹായി തിരുവല്ല സ്വദേശി സോമന്റെ ചികിത്സാച്ചെലവ് തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും. വിവിധ സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് ചികിത്സയ്ക്കുള്ള ചെലവ് കണ്ടെത്തുന്നത്.
മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറന്ന് അണുബാധയേറ്റതിനെ തുടർന്ന് സോമൻ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ ദുരവസ്ഥ കഴിഞ്ഞ ദിവസം മാധ്യമ റിപ്പോർട്ടിലൂടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനല്ലെങ്കിലും കേരള പൊലീസിനൊപ്പം വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ് സോമൻ. ഇലന്തൂർ നരബലി ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി ശ്രദ്ധേയമായ കൊലപാതക കേസുകളിൽ പൊലീസിനായി മൃതദേഹങ്ങൾ പുറത്തെടുത്തത് സോമനായിരുന്നു. അഴുകിയതും പുഴുവരിച്ചതുമായ, പലരും കൈകാര്യം ചെയ്യാൻ മടിക്കുന്ന മൃതദേഹങ്ങൾ പോലും അദ്ദേഹം പുറത്തെടുക്കാറുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പത്തനംതിട്ട ചന്ദപള്ളിയിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുക്കുന്നതിനിടെയാണ് കാലിൽ മുള്ള് തറന്ന് പരിക്കേറ്റത്. പിന്നീട് അത് ഗുരുതര അണുബാധയായി മാറി. ഇതിനോടകം നാല് ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായി. ഗുരുതര അണുബാധയെ തുടർന്ന് നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സോമന്റെ ദുരിതം മനസിലാക്കി കേരള പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് ഒന്നേകാൽ ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു. മറ്റ് സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ശസ്ത്രക്രിയകളും ചികിത്സയും മുന്നോട്ടുകൊണ്ടുപോയത്

