Home Keralaഅമല മെഡിക്കൽ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്; പേരാമംഗലം എസ്‌എച്ച്‌ഒയ്ക്ക് നിർദേശം

അമല മെഡിക്കൽ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്; പേരാമംഗലം എസ്‌എച്ച്‌ഒയ്ക്ക് നിർദേശം

by news_desk1
0 comments

തൃശ്ശൂർ: അമല മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. ആശുപത്രി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ പേരാമംഗലം എസ്‌എച്ച്‌ഒയ്ക്കാണ് കോടതി നിർദേശം നൽകിയത്.

ഹർജിയിൽ സംസ്ഥാന സർക്കാരിനും യുഎൻഎയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

നഴ്‌സുമാരുടെ ശമ്പളവർധനവുമായി ബന്ധപ്പെട്ട് 4,000 മുതൽ 6,000 രൂപ വരെ വർധനവ് അനുവദിച്ചെന്നും, സമരത്തിൽ പങ്കെടുത്ത നഴ്‌സുമാരെ പ്രതികാര നടപടികളില്ലാതെ തിരിച്ചെടുക്കാൻ ധാരണയായെന്നും നേരത്തെ സംഘടനാ നേതാക്കൾ അറിയിച്ചിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ അമല മെഡിക്കൽ കോളേജ് മാനേജ്‌മെന്റ് പൂർണമായും നിഷേധിച്ചു.

ഏപ്രിൽ ഒന്നിന് അംഗീകരിച്ച ശമ്പളവർധനവ് ഉയർത്തിക്കാട്ടിയാണ് യുഎൻഎ സമരത്തിൽ നിന്ന് പിന്മാറിയതെന്ന് മാനേജ്‌മെന്റ് ആരോപിച്ചു. സമരത്തിന് മുന്നിൽ സഭ വഴങ്ങിയിട്ടില്ലെന്നും, ജോലിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാർ നാടകം കളിക്കുകയാണെന്നും മാനേജ്‌മെന്റ് വിമർശിച്ചു.

അതേസമയം, ലേബർ ഓഫീസർക്ക് നൽകിയ ഉറപ്പിൽ നിന്ന് അമല മാനേജ്‌മെന്റ് പിന്മാറിയെന്നും, ജൂബിലി ആശുപത്രിയുടെ സമ്മർദത്തിന് അമല വഴങ്ങിയെന്ന കാരണത്താലാണ് ആശുപത്രിക്ക് മുന്നിൽ രാപ്പകൽ സമരം തുടരുന്നതെന്നും യുഎൻഎ നേരത്തെ പ്രതികരിച്ചിരുന്നു.

You may also like