ന്യൂഡൽഹി: സിബിഎസ്ഇ ത്രിഭാഷാ പഠനരീതിയെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് അധിക മാനസിക സമ്മർദം സൃഷ്ടിക്കുമെന്നാണ് ജസ്റ്റിസ് ബി. വി. നാഗരത്ന അഭിപ്രായപ്പെട്ടത്.
ആവശ്യമെങ്കിൽ പുതിയ ഭാഷയുടെ പഠനം ആറാം ക്ലാസ് മുതൽ ആരംഭിക്കുന്നതാണ് കൂടുതൽ ഉചിതമെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു.
തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ ഈ പരാമർശം.
അതേസമയം, ഈ കേസിൽ ത്രിഭാഷാ നയത്തിന്റെ നിയമസാധുത നേരിട്ട് പരിഗണിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹർജി അടുത്ത ആഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

