മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ മുസ്ലീം ലീഗ് മന്ത്രിമാരുടെ പ്രത്യേക യോഗം വിളിച്ച് പാർട്ടി നേതൃത്വം. നാളെ രാവിലെ 9 മണിക്ക് പാണക്കാട്ടാണ് യോഗം ചേരുക.
മന്ത്രിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളും വിമർശനങ്ങളും യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യും. സ്റ്റാഫ് നിയമനം, പി.എം. ശ്രീ പദ്ധതി തുടങ്ങിയ വിഷയങ്ങളും യോഗത്തിന്റെ അജൻഡയിലുണ്ട്.
വിവാദങ്ങൾ ഒഴിവാക്കുന്നതിനായി യോഗം ഔദ്യോഗികമായി ‘പാണക്കാട് ചായസൽക്കാരം’ എന്ന പേരിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും സാധാരണ പ്രവർത്തകർക്ക് മുസ്ലീം ലീഗ് എംഎൽഎമാരിൽ നിന്ന് ലഭിക്കുന്നില്ലെന്ന പരാതിയും, പാർട്ടി പരിപാടികളിലേക്ക് ക്ഷണിക്കുമ്പോൾ മന്ത്രിമാർ വിമുഖത കാണിക്കുന്നുവെന്ന വിമർശനവും അടുത്തിടെ ഉയർന്നിരുന്നു.
പാർട്ടിയുടെ നിലപാടുകൾക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും ലീഗ് മന്ത്രിമാർക്കിടയിൽ ആവശ്യമായ ഐക്യമില്ലെന്നുമുള്ള വിമർശനങ്ങളും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് നേതൃത്വം മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

