തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്ലീഡർ നിയമനത്തിലെ കെ.എസ്.യുവിന്റെ പരസ്യമായ പ്രതിഷേധങ്ങളെ തള്ളിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ അധിക്ഷേപ പരാമർശത്തിന് പിന്നാലെയാണ്, നേരിട്ട് പരാതി അറിയിക്കാൻ കെ.എസ്.യു നേതൃത്വം കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ വിവാദ പരാമർശം പിൻവലിക്കണമെന്നും പ്ലീഡറായി ആർ.എസ്.എസ് അനുകൂലിയെ നിയമിച്ച തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെടാൻ കെ.എസ്.യു സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു. പ്ലീഡർ നിയമനത്തിൽ കെ.എസ്.യുവിന് എന്താണ് കാര്യം എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ വാർത്താസമ്മേളനത്തിൽ ചോദിച്ചത്. വി.ഡി. സതീശന്റെ ഈ പരിഹാസത്തിനെതിരെ കെ.എസ്.യു സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഈ നിലപാടിൽ കോൺഗ്രസിനകത്തും വലിയൊരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
അതേസമയം, കെ.എസ്.യുവിനെതിരായ വിമർശനത്തിൽ വി.ഡി. സതീശനെ പൂർണ്ണമായി പിന്തുണച്ച് കോഴിക്കോട് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. കെ.എസ്.യു നേതാക്കളുടെ നിലവിലെ നിലപാടുകൾ അരോചകമാണെന്നും അവർ കുത്തിത്തിരുപ്പുകളുടെ അംബാസഡർമാരായി മാറിക്കൊണ്ടിരിക്കുകയാണെന്നും നിജേഷ് രൂക്ഷമായി വിമർശിച്ചു.
എന്നാൽ, ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിൽ സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് മുഖ്യമന്ത്രി സ്വന്തം വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിനെ അപമാനിച്ചതെന്നാണ് എസ്.എഫ്.ഐയുടെ പ്രതികരണം. “സംഘപരിവാറുകാരനെ നിയമിച്ചതിൽ കെ.എസ്.യുവിന് എന്ത് കാര്യമെന്ന് ചോദിച്ച മുഖ്യമന്ത്രി നാളെ യൂത്ത് കോൺഗ്രസിനോടും കെ.പി.സി.സിയോടും ഇതേ ചോദ്യം ആവർത്തിക്കും. പിന്നീട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കും ഇവിടെ എന്ത് കാര്യമെന്ന് ചോദിക്കുന്ന സ്ഥിതി വരും,” എന്ന് എസ്.എ.ഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പരിഹസിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു കെ.എസ്.യുവിന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ കടുത്ത നിലപാടെടുത്തത്. ഗവൺമെന്റ് പ്ലീഡറായി സജീവ ആർ.എസ്.എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതിനെതിരെയുള്ള കെ.എസ്.യുവിന്റെ വിമർശനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “തിരുവനന്തപുരത്തെ കെ.എസ്.യുവാണോ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നത്? അവർക്ക് ഇതിൽ എന്ത് കാര്യം? ഒരു കാര്യവുമില്ല,” എന്നായിരുന്നു സതീശൻ പ്രതികരിച്ചത്.
തീവ്ര ആർ.എസ്.എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതാണ് നിലവിലെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പ്ലീഡർ നിയമനത്തിൽ തിരുവനന്തപുരം ലോ കോളേജിലെ കെ.എസ്.യു മുൻ യൂണിറ്റ് പ്രസിഡന്റുമാർ അടക്കം കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ശുപാർശക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശരത്തിന്റെ നിയമനമെന്നാണ് വിവരം. ഇതിന് പിന്നാലെ സ്വന്തം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസിലെ അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

