തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമാകുന്നു. സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്ന് 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗം പരിശോധിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും മറിച്ചുവിറ്റെന്നതാണ് പ്രധാന ആരോപണം.
ഇതിനിടെ, കൊടികളും തോരണങ്ങളും തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ബിജെപി നേതാവിന് കമ്മീഷൻ നൽകിയതായി കമ്പനി പ്രതിനിധി പറയുന്ന ശബ്ദരേഖ പുറത്തുവന്നതും വിവാദത്തിന് കൂടുതൽ വഴിവെച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ ഫണ്ട് ക്രമക്കേട് നടന്നിട്ടും പാർട്ടി നേതൃത്വം വിഷയങ്ങൾ മറച്ചുവയ്ക്കുകയാണെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം.
അതേസമയം, സംസ്ഥാന അധ്യക്ഷൻ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഫണ്ട് ക്രമക്കേടിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ദേശീയതലത്തിൽ അയോധ്യ ഫണ്ട് വിവാദം ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, കേരളത്തിൽ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പാർട്ടിക്ക് പുതിയ വെല്ലുവിളിയായിരിക്കുന്നത്. കേന്ദ്രത്തിൽ നിന്ന് സൗജന്യമായി ലഭിച്ച കൊടികളും തോരണങ്ങളും താഴെത്തട്ടിലേക്ക് വിൽപ്പന നടത്തിയെന്നും, സ്വകാര്യ കമ്പനികളിലൂടെ ഉയർന്ന നിരക്കിൽ നിർമാണം നടത്തി കമ്മീഷൻ കൈപ്പറ്റിയെന്നുമാണ് ആരോപണം.
തിരുവനന്തപുരം നഗരത്തിലെ ഒരു വൻകിട ഹോട്ടലിൽ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്ത് ഫണ്ട് ദുരുപയോഗം നടത്തിയെന്ന ആരോപണവും ഇതിനിടെ ഉയർന്നിട്ടുണ്ട്. കൊടി നിർമാണവുമായി ബന്ധപ്പെട്ട് കമ്മീഷൻ നൽകിയതായി ഒരു കമ്പനി പ്രതിനിധി പറയുന്ന ഓഡിയോ പുറത്തുവന്നതോടെ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

