ലോകചാമ്പ്യൻമാർ വീണ്ടും കലാശപ്പോരിലേക്ക്. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കി അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചു. അവസാന നിമിഷങ്ങളിൽ എൻസോ ഫെർണാണ്ടസിന്റെ ഗോളും നായകൻ ലിയോണൽ മെസ്സിയുടെ നിർണായക ഇരട്ട അസിസ്റ്റും ലിയോണൽ സ്‌കലോണിയുടെ സംഘത്തിന് മറക്കാനാകാത്ത തിരിച്ചുവരവ് സമ്മാനിച്ചത്.ഇരു ടീമുകളും അതീവ ജാഗ്രതയോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ വിരളമായിരുന്നു. മധ്യനിര പോരാട്ടത്തിനായിരുന്നു കൂടുതൽ പ്രാധാന്യം. പ്രതിരോധത്തിലെ കൃത്യതയും നിയന്ത്രിത സമീപനവും കാരണം ഗോൾരഹിതമായാണ് ആദ്യ 45 മിനിറ്റും അവസാനിച്ചത്.എന്നാൽ രണ്ടാം പകുതിയിൽ മത്സരം പൂർണമായും മാറി. 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ കൃത്യമായ പാസ് സ്വീകരിച്ച ആന്തണി ഗോർഡൻ്റെ ശക്തമായ ഷോട്ടിലൂടെ ഇംഗ്ലണ്ടിനെ ലീഡിലെത്തിച്ചു. ആ ഗോളോടെ ത്രി ലയൺസ് ഫൈനലിലേക്ക് ഒരു പടി അടുത്തുവെന്ന തോന്നലുണ്ടായി.പിന്നിലായതോടെ അർജന്റീന ആക്രമണത്തിന്റെ വേഗം കൂട്ടി. അലെക്സിസ് മാക് അലിസ്റ്ററിന്റെ ഹെഡർ പിക്ക്ഫോർഡ് മനോഹരമായി രക്ഷപ്പെടുത്തിയെങ്കിലും സമ്മർദം തുടർന്നു. ഒടുവിൽ 85-ാം മിനിറ്റിൽ അർജന്റീനയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടു. നേരത്തെ ഒരു ഷോട്ട് ക്രോസ്‌ബാറിന് മുകളിലൂടെ തട്ടിമാറ്റപ്പെട്ട എൻസോ ഫെർണാണ്ടസ് ഇത്തവണ ദൂരത്തുനിന്ന് ഉതിർത്ത അതിമനോഹര ഷോട്ടിലൂടെ പന്ത് വലയുടെ താഴത്തെ മൂലയിലെത്തിച്ച് സമനില പിടിച്ചു.മത്സരം അധികസമയത്തിലേക്ക് നീങ്ങുമെന്ന് എല്ലാവരും കരുതിയ നിമിഷത്തിലാണ് അർജന്റീന വീണ്ടും ലോകചാമ്പ്യന്മാരുടെ സ്വഭാവം പുറത്തെടുത്തത്. അവസാന നിമിഷങ്ങളിൽ ലിയോണൽ മെസ്സി ഉയർത്തിനൽകിയ കൃത്യമായ ക്രോസ് മാർട്ടിനേസിൻ്റെ ഹെഡറിലൂടെ വലയിലെത്തിച്ചു. അതോടെ ഇംഗ്ലണ്ടിന്റെ ഫൈനൽ സ്വപ്നങ്ങൾ തകർന്നു; അർജന്റീനൻ ആരാധകർ ആഘോഷത്തിൽ മുങ്ങി.മത്സരത്തിലെ കണക്കുകളും അർജന്റീനയുടെ ആധിപത്യം വ്യക്തമാക്കുന്നതായിരുന്നു. 15 ഷോട്ടുകളിൽ നിന്ന് 1.84 xG സൃഷ്ടിച്ച അർജന്റീന, അഞ്ച് ഷോട്ടുകളിൽ നിന്ന് വെറും 0.53 xG മാത്രമാണ് സൃഷ്ടിച്ച ഇംഗ്ലണ്ടിനെ എല്ലാ മേഖലകളിലും മറികടന്നു. അവസാനഘട്ടത്തിൽ സമ്മർദം ചെലുത്തിയതിന്റെ പ്രതിഫലമായിരുന്നു ഈ വിജയം.ഈ വിജയത്തോടെ നിലവിലെ ലോകചാമ്പ്യൻമാർ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലേക്ക് കടന്നു. ന്യൂയോർക്ക്–ന്യൂജഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിനാണ് എതിരാളികൾ. ലോകഫുട്ബോൾ കാത്തിരിക്കുന്ന ആ മഹാമത്സരത്തിൽ ഇതിഹാസ താരം ലിയോണൽ മെസ്സിയും സ്പെയിന്റെ യുവ വിസ്മയം ലമീൻ യമാലും ആദ്യമായി ലോകകപ്പ് വേദിയിൽ നേർക്കുനേർ എത്തും.അതേസമയം, മികച്ച ടൂർണമെന്റ് കളിച്ച ഇംഗ്ലണ്ടിന്റെ കിരീട പ്രതീക്ഷ വീണ്ടും അവസാനിച്ചു. എന്നാൽ അവസാന നാലിലെത്തിയ ത്രി ലയൺസിന്റെ പ്രകടനം ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷയാണ് നൽകുന്നത്. മറുവശത്ത്, തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലെത്തിയ അർജന്റീന മറ്റൊരു ചരിത്രം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
4

