2026 ഫിഫ ലോകകപ്പിൽ യൂറോപ്യൻ ചാമ്പ്യൻമാരായ സ്പെയിൻ വീണ്ടും ചരിത്രം കുറിച്ചു. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 2-0ന് കീഴടക്കി ലാ റോഹ ലോകകപ്പ് ഫൈനലിലേക്ക് മുന്നേറി. 2010-ൽ ദക്ഷിണാഫ്രിക്കയിൽ ലോകകപ്പ് കിരീടം നേടിയ ടീമിനെ ഓർമ്മിപ്പിക്കുന്ന പ്രകടനമാണ് ഇത്തവണയും സ്പാനിഷ് സംഘം പുറത്തെടുത്തത്. ഇനി ലോകകപ്പ് കിരീടത്തിനായുള്ള കലാശപ്പോരിൽ ഇംഗ്ലണ്ടിനെയോ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെയോ സ്പെയിൻ നേരിടും.മത്സരത്തിന്റെ ആദ്യ പകുതി ഇരു ടീമുകളും പരസ്പരം സൂക്ഷ്മത പാലിച്ചാണ് കളിച്ചത്. ലോകോത്തര താരനിരകളുള്ള ഫ്രാൻസും സ്പെയിനും അവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധനിരകൾ ഉറച്ചുനിന്നു.
എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷം എത്തി.സ്പെയിനിന്റെ യുവസൂപ്പർതാരം ലമീൻ യമാലിനെ ഫ്രഞ്ച് താരം ലൂക്കാസ് ഡിഞ്ഞെ പെനാൽറ്റി ബോക്‌സിനുള്ളിൽ വീഴ്ത്തിയതോടെ റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുക്കാനെത്തിയ മിക്കേൽ ഒയാർസബാൽ യാതൊരു പിഴവും വരുത്താതെ പന്ത് വലയിലെത്തിച്ച് സ്പെയിനിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിലും സ്പെയിൻ തന്നെയായിരുന്നു കളിയുടെ നിയന്ത്രണം കൈവശം വച്ചത്. 58-ാം മിനിറ്റിൽ ഡാനി ഒൽമോയുമായി നടത്തിയ മനോഹരമായ വൺ-ടു നീക്കത്തിന് ശേഷം പെഡ്രോ പോറോ ഫ്രാൻസ് ഗോൾകീപ്പർ മൈക്ക് മെയ്നാനെ മറികടന്ന് പന്ത് വലയിലാക്കി. ആ ഗോളോടെ സ്പെയിന്റെ ലീഡ് ഇരട്ടിയായി.
ഗോൾ വഴങ്ങിയ ശേഷം കിലിയൻ എംബാപ്പെ, മൈക്കൽ ഒലിസെ, ഉസ്മാൻ ഡെംബലെ, ദെസിറെ ഡൂവെ എന്നിവരെ മുൻനിർത്തി ഫ്രാൻസ് ശക്തമായി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം ഒരു ഘട്ടത്തിലും പതറിയില്ല. ലോകത്തിലെ ഏറ്റവും അപകടകാരികളായ ആക്രമണനിരകളിലൊന്നിനെ വെറും 0.30 xG-ലേക്ക് ഒതുക്കിയ സ്പെയിന്റെ പ്രതിരോധം ഈ വിജയത്തിന്റെ ഏറ്റവും വലിയ അടിത്തറയായി.മത്സരത്തിന്റെ കണക്കുകളും സ്പെയിന്റെ ആധിപത്യം വ്യക്തമാക്കുന്നതായിരുന്നു. സ്പെയിൻ 10 ഷോട്ടുകളിൽ നിന്ന് 1.63 xG സൃഷ്ടിച്ചപ്പോൾ, ഫ്രാൻസിന് 10 ഷോട്ടുകളിൽ നിന്ന് വെറും 0.30 xG മാത്രമാണ് ലഭിച്ചത്. ലക്ഷ്യത്തിലേക്ക് പോയ സ്പെയിന്റെ രണ്ട് ഷോട്ടുകളും ഗോളായപ്പോൾ, ഫ്രാൻസിന്റെ മൂന്ന് ഓൺ-ടാർഗറ്റ് ശ്രമങ്ങളും ഫലം കണ്ടില്ല.
ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ പകരക്കാരനായി ഇറങ്ങി രക്ഷകനായ മിക്കേൽ മെറിനോയുടെ മികവ് ഇത്തവണ സ്പെയിന് ആവശ്യമുണ്ടായില്ല. തുടക്കം മുതൽ അവസാനവരെ നിയന്ത്രിതവും ആത്മവിശ്വാസം നിറഞ്ഞതുമായ പ്രകടനത്തിലൂടെയാണ് യൂറോപ്യൻ ചാമ്പ്യൻമാർ ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്.ഈ വിജയത്തോടെ 2010ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ വീണ്ടും കിരീടം ചൂടാനുള്ള അവസരമാണ് ലൂയിസ് ഡി ലാ ഫുവെന്തെയുടെ സംഘത്തിന് മുന്നിലുള്ളത്.
അതേസമയം, തുടർച്ചയായ ലോകകപ്പ് സെമിഫൈനൽ യാത്ര ഇവിടെ അവസാനിച്ചതോടെ ഫ്രാൻസ് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലേക്ക് മാറും. പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ ഫ്രാൻസ് പരിശീലകനെന്ന നിലയിലെ അവസാന മത്സരവും അതായിരിക്കും. ലോകകപ്പ് കിരീടം എന്ന സ്വപ്നം അവസാനിച്ചെങ്കിലും, ഫ്രഞ്ച് ഇതിഹാസ പരിശീലകന് വിജയത്തോടെ വിടപറയുക എന്ന ലക്ഷ്യത്തോടെയാകും ലെ ബ്ലൂസ് ഇനി കളത്തിലിറങ്ങുക.

