തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ നടത്തിയ വ്യാപക പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. റിട്ടേണുകൾ കൃത്യസമയത്ത് സമർപ്പിക്കാത്ത 38 ബാർ ഹോട്ടലുകളിലാണ് ‘ഓപ്പറേഷൻ സ്റ്റോം ലൈറ്റ്’ എന്ന പേരിൽ പരിശോധന നടത്തിയത്.
പ്രാഥമിക കണക്കുകൾ പ്രകാരം 70.73 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും 7.06 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയതായി ജിഎസ്ടി കമ്മീഷണർ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന ശനിയാഴ്ച പുലർച്ചെ വരെയായിരുന്നു. പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ‘ഓപ്പറേഷൻ സ്റ്റോം ലൈറ്റ്’ പരിശോധനകൾ തുടരുമെന്നും ജിഎസ്ടി വകുപ്പ് അറിയിച്ചു.

