തിരുവനന്തപുരം: സ്വകാര്യവത്കരണത്തിനായി വന്നയാളാണ് താനെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബോധപൂർവം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുചടങ്ങിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരമ്പരാഗതമായ ശൈലികളിലും രീതികളിലും മാറ്റം കൊണ്ടുവരുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടും ചൊറിച്ചിലും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അത് താൻ നന്നായി ആസ്വദിക്കുകയാണെന്നും മുഖ്യമന്ത്രി പരിഹാസരൂപേണ പറഞ്ഞു.
ഭരണപരമായ തീരുമാനങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചതായി ബോധ്യപ്പെട്ടാൽ അത് തിരുത്താൻ താൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരം തെറ്റുതിരുത്തലുകളെ മാധ്യമങ്ങൾ വലിയ രീതിയിൽ ‘യൂ ടേൺ’ എന്ന് ചിത്രീകരിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നാടിന്റെ വികസനത്തിനായി പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

