വാഷിംഗ്ടൺ: കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫൈനൽ മത്സരം കാണാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്റ്റേഡിയത്തിലെത്തും. ഞായറാഴ്ച ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടക്കുന്ന അർജന്റീന-സ്പെയിൻ കിരീടപ്പോരാട്ടത്തിൽ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
മത്സരശേഷം വിജയികൾക്കുള്ള ലോകകപ്പ് ട്രോഫി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോയ്‌ക്കൊപ്പം ട്രംപും ചേർന്നാണ് സമ്മാനിക്കുക. വ്യാഴാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കണ്ടതും ഏറ്റവും സുരക്ഷിതവും വിജയകരവുമായി സംഘടിപ്പിച്ച ലോകകപ്പിന്റെ സമാപനത്തിന് പ്രസിഡന്റ് സാക്ഷ്യം വഹിക്കുമെന്നും അവർ പറഞ്ഞു.
ഫൈനലിന് മുന്നോടിയായി വെള്ളിയാഴ്ച ന്യൂയോർക്കിലെ ട്രംപ് ടവറിൽ നടക്കുന്ന ഫിഫ സ്വീകരണച്ചടങ്ങിലും ട്രംപ് പങ്കെടുക്കും.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേതിൽ നിന്ന് വ്യത്യസ്തമായ കാഴ്ചയ്ക്കും ഇത്തവണ ഫൈനൽ വേദിയാകും. 2018-ലെ റഷ്യ ലോകകപ്പിലും 2022-ലെ ഖത്തർ ലോകകപ്പിലും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ തനിച്ചാണ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചത്. എന്നാൽ ഇത്തവണ ട്രംപും താനും ചേർന്നാണ് ലോകകപ്പ് കിരീടം കൈമാറുകയെന്ന് ഇൻഫാന്റീനോ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
“ഞങ്ങൾ ഒരുമിച്ച് ഫൈനൽ ആസ്വദിക്കുകയും വിജയികൾക്ക് ലോകകപ്പ് ട്രോഫി സമ്മാനിക്കുകയും ചെയ്യും,” എന്നാണ് ഇൻഫാന്റീനോ പറഞ്ഞത്.
മുൻകാല ലോകകപ്പുകളിലും രാഷ്ട്രത്തലവന്മാർ ട്രോഫി സമ്മാനിച്ച ചരിത്രമുണ്ട്. 1966-ൽ ഇംഗ്ലണ്ട് നായകൻ ബോബി മൂറിന് എലിസബത്ത് രാജ്ഞിയും, 1982-ൽ ഇറ്റാലിയൻ നായകൻ ഡിനോ സോഫിന് സ്പെയിൻ രാജാവ് ഹുവാൻ കാർലോസും ലോകകപ്പ് ട്രോഫി കൈമാറിയിരുന്നു. ആ പാരമ്പര്യത്തിലേക്കാണ് ഇപ്പോൾ ഡൊണാൾഡ് ട്രംപും എത്തുന്നത്.
ഫൈനലിൽ ട്രംപ് അർജന്റീനയെയാണോ സ്പെയിനെയാണോ പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, അത് പ്രസിഡന്റിനോട് നേരിട്ട് ചോദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അതിന് രസകരമായ മറുപടി നൽകുമെന്നും കരോലിൻ ലീവിറ്റ് തമാശരൂപത്തിൽ പ്രതികരിച്ചു.

