കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള വിലക്ക് നീക്കണമെന്നും ബോർഡിന്റെ മേൽനോട്ട ചുമതല മറ്റൊരാൾക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ സമർപ്പിച്ചത്.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വസ്തുതകൾ പരിഗണിക്കാതെയാണെന്നും വഖഫ് ബോർഡിന്റെ പ്രത്യേക സാഹചര്യങ്ങൾ കോടതി പരിശോധിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ഇതര മതവിഭാഗങ്ങളിൽപ്പെട്ടവരെ ഉൾപ്പെടുത്തിയില്ലെന്ന കാരണത്താൽ ബോർഡിന്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും ബോർഡ് വാദിക്കുന്നു.
ഹൈക്കോടതിയുടെ ഉത്തരവ് വഖഫ് നിയമത്തിലെ 22-ാം വകുപ്പിന് വിരുദ്ധമാണെന്നും അപ്പീലിൽ പറയുന്നു. മുസ്ലിം ഇതരരെ നിയമിച്ചില്ലെന്നത് ബോർഡിന്റെ പ്രവർത്തനം തടയാനുള്ള നിയമപരമായ കാരണമല്ലെന്നും ഒഴിവുകൾ നികത്താത്തത് ചൂണ്ടിക്കാട്ടി ബോർഡിന്റെ രൂപീകരണം റദ്ദാക്കാനാവില്ലെന്നും വിശദീകരിക്കുന്നു. രൂപീകരണത്തിൽ പിഴവുണ്ടായാലും ബോർഡിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയില്ലെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.
വഖഫ് നിയമത്തിലെ 99-ാം വകുപ്പ് പ്രകാരം സാമ്പത്തിക ക്രമക്കേടുകൾ പോലുള്ള ഗുരുതര സാഹചര്യങ്ങൾ തെളിഞ്ഞാൽ മാത്രമേ ബോർഡിന്റെ പ്രവർത്തനം തടയാൻ സാധിക്കൂവെന്നും, നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതിക്ക് അത്തരമൊരു അധികാരമില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
വഖഫ് ബോർഡിന്റെ വാദം കേൾക്കാതെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതെന്നും അസാധാരണ സാഹചര്യമുണ്ടെന്ന് സർക്കാർ തെളിയിക്കാൻ കഴിഞ്ഞില്ലെന്നും അപ്പീലിൽ പറയുന്നു. ഈ ഉത്തരവ് ബോർഡിന്റെ ഭാവി പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.
ഇതിനോടകം സമാന വിഷയത്തിൽ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചതോടൊപ്പം മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ നിലവിലുണ്ടെന്നും വഖഫ് ബോർഡ് ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയാണ് വഖഫ് ബോർഡ് സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും അപ്പീലിൽ ഉന്നയിച്ചിട്ടുണ്ട്.

