തിരുവനന്തപുരം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോയി സൗണ്ട് പ്രൂഫ് മുറിയിൽ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്. വടശേരിക്കോണം സ്വദേശി അനിൽകുമാറിനെയും മകനെയുമാണ് അഞ്ചംഗ സംഘം കിളിമാനൂരിന് സമീപം വെള്ളല്ലൂരിലെ ഒറ്റപ്പെട്ട സ്ഥലത്ത് കെട്ടിയിട്ട് ആക്രമിച്ചതെന്ന് പരാതി.
സുധീഷ് എന്നയാൾ അനിൽകുമാറിന്റെ മകളെ വിവാഹം കഴിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കുടുംബം സമ്മതിച്ചിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പരാതി.
കിളിമാനൂരിലെ ഒരു കെട്ടിടത്തിൽ ജോലി ഉണ്ടെന്ന് പറഞ്ഞ് അനിൽകുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. സുധീഷിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള പണി പൂർത്തിയാകാത്ത കെട്ടിടത്തിലെത്തിയ ഉടൻ ഹെൽമറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കൈകൾ കെട്ടിയിട്ടു. ശബ്ദം പുറത്തേക്ക് കേൾക്കാതിരിക്കാൻ ഫൈബർ, ഗ്ലാസ് വാതിലുകൾ ഉപയോഗിച്ച് സൗണ്ട് പ്രൂഫ് മുറി ഒരുക്കിയ ശേഷമാണ് മർദ്ദിച്ചതെന്നും പരാതിയിൽ പറയുന്നു.
ചങ്ങലയിൽ ബന്ധിച്ചശേഷം ഹെൽമറ്റ്, സ്ക്രൂഡ്രൈവർ, പ്ലെയർ എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് ആരോപണം. അനിൽകുമാറിന്റെ കൈ തല്ലിയൊടിച്ചെന്നും ശരീരത്തിൽ സ്‌ഫോടക വസ്തുവിന് സമാനമായ എന്തോ കെട്ടിവെച്ചതായും പരാതിയുണ്ട്.
പിന്നീട് അനിൽകുമാറിന് അസുഖമാണെന്ന് പറഞ്ഞ് ഇരുപതുകാരനായ മകനെയും സ്ഥലത്തെത്തിച്ചു മർദ്ദിച്ചു. അമ്മയെ സ്ഥലത്തെത്തിച്ചില്ലെങ്കിൽ അനിൽകുമാറിനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മകൻ അവിടെ നിന്ന് രക്ഷപ്പെട്ട് അമ്മയെ വിവരം അറിയിക്കുകയും ജനപ്രതിനിധികൾ മുഖേന പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ആക്രമണം നടക്കുന്നതിനിടെ അത് നിരീക്ഷിക്കാൻ സി.സി.ടി.വി സംവിധാനവും പ്രതികൾ ഒരുക്കിയിരുന്നുവെന്നാണ് പരാതി.
വർക്കല പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. ചങ്ങലയിൽ ബന്ധിക്കപ്പെട്ടും ഗുരുതരമായി പരിക്കേറ്റും കിടന്ന അനിൽകുമാറിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു.
സമീപവാസികളായ സുധീഷ്, ഷംനാദ് ഉൾപ്പെടെ അഞ്ച് പ്രതികൾക്കായി കിളിമാനൂർ, വർക്കല പൊലീസ് സംയുക്തമായി തെരച്ചിൽ നടത്തുകയാണ്. സംഭവസ്ഥലത്ത് നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരാണ് പ്രതികളെന്നും ഇവരാണ് ഒളിസങ്കേതം ഒരുക്കിയതെന്നും പൊലീസ് അറിയിച്ചു.

