കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണുള്ളതെന്നും, കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും ഹൈക്കോടതി വിമർശിച്ചു.
കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി എച്ച്. വെങ്കിടേഷിനെയും കോടതി വിമർശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിന്റെ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനാണെന്നും, പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.
ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ അതൃപ്തി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കാനും കോടതി നിർദേശിച്ചു. ബോഡി ബിൽഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ പരാമർശങ്ങൾ.
കേസിൽ ഡോ. എം.കെ. റാം മാത്രമാണ് നിലവിൽ പ്രതിയായുള്ളത്. ഇയാൾ ഒളിവിലാണെന്നും, നിലവിൽ ആന്ധ്രാപ്രദേശിലുണ്ടെന്നുമാണ് സൂചന.
ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയത്. മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ ക്ലാസ് മുറിയിൽവെച്ച് നിതിൻ രാജിനെ അധ്യാപകൻ അപമാനിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. അന്നുതന്നെ അധ്യാപകനെതിരെ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പിന്നീട് സംഭവിച്ച ദുരന്തം ഒഴിവാക്കാനാകുമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്ന് നേരിടേണ്ടിവന്ന ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

