മലപ്പുറം: നിലമ്പൂർ കരുളായി നെടുങ്കയത്തെ പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയിൽ പുള്ളിപ്പുലിയെ കണ്ടതോടെ നാട്ടുകാരും വിനോദസഞ്ചാരികളും ജാഗ്രതയിൽ. ചെറുപുഴ–നെടുങ്കയം വനപാതയിൽ, ചെറുപുഴ വനം ചെക്ക്പോസ്റ്റിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയുള്ള ആനപ്പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്.
കോഴിക്കോട് ഐ.ടി.ഐയിൽ വാച്ച്മാനായി ജോലി ചെയ്യുന്ന നെടുങ്കയം ട്രൈബൽ വില്ലേജിലെ രതീഷാണ് രാവിലെ ആറുമണിയോടെ പുലിയെ ആദ്യം കണ്ടത്. ജോലിക്കായി പോകുന്നതിനിടെയാണ് പാറപ്പുറത്ത് വിശ്രമിക്കുന്ന പുലിയെ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് സഞ്ചരിച്ചിരുന്ന ഓട്ടോ റോഡരികിൽ നിർത്തി മൊബൈൽ ഫോണിൽ ചിത്രങ്ങളും വീഡിയോയും പകർത്തിയപ്പോഴും പുലി യാതൊരു പ്രകോപനവും കാണിക്കാതെ അവിടെ തന്നെ കിടന്നിരുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം പാറയിൽ നിന്ന് താഴെയിറങ്ങിയ പുലി വനത്തിനുള്ളിലേക്ക് നീങ്ങുകയായിരുന്നു.
ആന, മാൻ, കാട്ടുപോത്ത് എന്നിവയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ ഈ വനപാതയോരത്ത് പതിവായി കാണാറുണ്ടെങ്കിലും പകൽസമയത്ത് പുള്ളിപ്പുലിയെ കാണുന്നത് വളരെ അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, ഈ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള നെടുങ്കയം ട്രൈബൽ വില്ലേജിൽ പുലി ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. നിരവധി ആടുകളെയും വളർത്തുനായകളെയും ഇതിനകം പുലി പിടികൂടിയിട്ടുണ്ടെന്നാണ് വിവരം.
നിരവധി വിനോദസഞ്ചാരികൾ ദിവസേന യാത്ര ചെയ്യുന്ന വനപാതയായതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ട്രൈബൽ വില്ലേജിലെ പുലി ശല്യത്തിന് ശാശ്വത പരിഹാരം കാണാനും വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

