Home Localതൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്; ശക്തമായ മഴയും മണിക്കൂറിൽ 50 കി.മീ വരെ വേഗത്തിൽ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്; ശക്തമായ മഴയും മണിക്കൂറിൽ 50 കി.മീ വരെ വേഗത്തിൽ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറേക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയിട്ടുണ്ട്. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വടക്കൻ ഒഡീഷയിലേക്കും പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങളിലേക്കും വടക്ക്-പടിഞ്ഞാറ് ദിശയിൽ നീങ്ങാൻ സാധ്യതയുണ്ടെന്നും ജൂലൈ 20 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിലും ഇടത്തരം ശക്തിയുള്ള മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ ജില്ലകളിൽ പ്രധാന റോഡുകളിൽ വെള്ളക്കെട്ടും വാഹനങ്ങളിലെ കാഴ്ച മങ്ങലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

You may also like