Home Keralaപ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജ ഫോൺകോൾ; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക്

പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജ ഫോൺകോൾ; നമ്പർ ഡൽഹി സ്വദേശിയുടേത്, അന്വേഷണം ഉത്തരേന്ത്യയിലേക്ക്

by news_desk1
0 comments

കൽപ്പറ്റ: വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറിയെന്ന് വ്യാജമായി പരിചയപ്പെടുത്തി ജനപ്രതിനിധികൾക്ക് മന്ത്രിസ്ഥാനവും ഉന്നത പദവികളും വാഗ്ദാനം ചെയ്ത് നടത്തിയ ഫോൺ തട്ടിപ്പ് കേസിൽ നിർണായക കണ്ടെത്തൽ. തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ ഡൽഹി സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്തുന്നതിനായി കേരള പൊലീസിന്റെ പ്രത്യേക സംഘം ഉത്തരേന്ത്യയിലേക്ക് തിരിച്ചു. ഓൺലൈൻ തട്ടിപ്പ് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കോഴിക്കോട്, വയനാട് ജില്ലകളിലെ സൈബർ പൊലീസ് വിഭാഗങ്ങൾ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി ഡി.എസ്. രാജ്‌കുമാർ സംസ്ഥാന പൊലീസ് മേധാവിക്കും വയനാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ലക്ഷ്യം യു.ഡി.എഫ് ജനപ്രതിനിധികൾ

യു.ഡി.എഫ് ജനപ്രതിനിധികളെയാണ് പ്രധാനമായും തട്ടിപ്പ് സംഘം ലക്ഷ്യമിട്ടത്. ഷാഫി പറമ്പിൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി എന്നിവർക്കും നേരത്തെ ഉന്നത പദവികൾ വാഗ്ദാനം ചെയ്ത് ഫോൺ കോളുകൾ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം എലത്തൂർ എം.എൽ.എ വിദ്യാ ബാലകൃഷ്ണനും സമാന ഫോൺ കോൾ ലഭിച്ചു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്ന് കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ഉറപ്പാക്കാമെന്നുമായിരുന്നു വാഗ്ദാനം. വയനാട് എം.പിയുടെ ഓഫീസിൽ നിന്നാണെന്ന് പരിചയപ്പെടുത്തിയാണ് വാട്സ്ആപ്പ് വഴി വിളിച്ചത്.

സംശയം തോന്നിയ എം.എൽ.എ ഉടൻ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെടുകയും തട്ടിപ്പ് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് വിദ്യാ ബാലകൃഷ്ണൻ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനും തട്ടിപ്പ് ശൃംഖലയുടെ വ്യാപ്തി പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

You may also like