കൊച്ചി: പൊന്നാനി പീഡനക്കേസിൽ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളിയതോടെ മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് വലിയാറ്റൂർ എന്നിവർക്ക് തിരിച്ചടിയായി.
ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്രമങ്ങളിൽ നിയമവിരുദ്ധമായ വീഴ്ചകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കേസിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചു. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന കാരണത്താൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാവില്ലെന്നും, അത്തരമൊരു നടപടി നിയമവ്യവസ്ഥയിൽ അരാജകത്വം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും, ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. എസ്.എച്ച്.ഒയ്ക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് നടപ്പാക്കുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്യേണ്ടത് പൊലീസിന്റെ ബാധ്യതയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിനിയായ യുവതി, നീതി തേടി സമീപിച്ച മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി നൽകിയത്. തുടർന്ന് സുപ്രീംകോടതി പരാതി പരിഗണിച്ച് തീരുമാനമെടുക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്നാനി മജിസ്‌ട്രേറ്റ് കോടതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകിയത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികളായതിനാൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും അതിജീവിത ഉന്നയിച്ചിട്ടുണ്ട്.

