Home Top Stories‘വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിച്ചു’; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

‘വഖഫ് ബോർഡ് വിഷയത്തിൽ സർക്കാർ ഹർജിക്കാർക്കൊപ്പം ഒത്തുകളിച്ചു’; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

by news_desk1
0 comments

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കാൻ ഇടയാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഹൈക്കോടതിയിലെ കേസിൽ ഹർജിക്കാർക്കൊപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന ഇടക്കാല ഉത്തരവ് ഉണ്ടായതെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

2025-ൽ കേന്ദ്ര സർക്കാർ വഖഫ് നിയമത്തിൽ കൊണ്ടുവന്ന സമഗ്ര ഭേദഗതി സംഘപരിവാർ അജണ്ടയുടെ ഭാഗമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താനുള്ള വ്യവസ്ഥ വന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ബിജെപി ഇതര സംസ്ഥാനങ്ങൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോൾ അതേ വഴിയിലേക്കാണ് കേരള സർക്കാരും നീങ്ങുന്നതെന്നും ഇത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു. മതവിഭാഗങ്ങളുമായി ബന്ധപ്പെട്ട ബോർഡുകളിൽ അതത് മതവിഭാഗങ്ങളിൽപ്പെട്ടവർ തുടരുന്നതാണ് ഇതുവരെയുള്ള രീതിയെന്നും ഒരു മതത്തിന്റെ കാര്യങ്ങളിൽ മറ്റ് മതങ്ങൾ ഇടപെടുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മുസ്ലിം സമൂഹത്തിനെതിരെയാണ് ഇത്തരം നീക്കമെങ്കിൽ നാളെ മറ്റ് മതവിഭാഗങ്ങൾക്കും ഇത് ബാധകമാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ മുമ്പ് ശക്തമായി പ്രതികരിച്ച കോൺഗ്രസ് ഇപ്പോൾ അതേ നിയമം അതേപടി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വഖഫ് ബോർഡിൽ അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച രാഷ്ട്രീയ പാർട്ടിയാണ് മുസ്ലിം ലീഗെന്നും, എന്നാൽ ഇപ്പോൾ വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന ലീഗ് മന്ത്രി അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. ഇത് മന്ത്രിയുടെ വ്യക്തിപരമായ നിലപാടാണെന്ന് കരുതുന്നില്ലെന്നും മുസ്ലിം ലീഗിന്റെ ഔദ്യോഗിക നിലപാടിൽ മാറ്റം വന്നതിന്റെ സൂചനയായിരിക്കാമെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ലെന്നും, ഇപ്പോഴത്തെ വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാതെയാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടിൽ പോലും കഴിഞ്ഞ ദിവസം ഒന്നേകാൽ മണിക്കൂർ വൈദ്യുതി ഇല്ലാതിരുന്നുവെന്നും ഓണപ്പരീക്ഷ നടക്കുന്ന സമയത്ത് ഇത്തരം നിയന്ത്രണങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആണവ നിലയം സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാമെന്ന സമീപനം പ്രായോഗികമല്ലെന്നും അതുവഴി അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ഉപനേതൃ വിഷയത്തിൽ താൻ മുമ്പ് പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും, ബിനോയ് വിശ്വത്തെ ടി.പി. രാമകൃഷ്ണൻ കാണുന്നതിൽ അസ്വാഭാവികതയില്ലെന്നും, എൽഡിഎഫിൽ യാതൊരു പ്രതിസന്ധിയും ഇല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

You may also like