തിരുവനന്തപുരം: ഹൃദയമിടിപ്പ് അപകടകരമായി കുറഞ്ഞ 27കാരന് അത്യാധുനിക ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സ വിജയകരമായി നടത്തി തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. ശരീരത്തിൽ പേസ്‌മേക്കർ ഘടിപ്പിക്കാതെ തന്നെ ഹൃദയമിടിപ്പ് സാധാരണ നിലയിലാക്കാൻ ഈ കീഹോൾ ചികിത്സാരീതിയിലൂടെ സാധിച്ചു.
തിരുവനന്തപുരം സ്വദേശിയായ യുവാവ് ജോലിസ്ഥലത്ത് അമിതമായ ക്ഷീണവും ബോധക്ഷയവും അനുഭവപ്പെട്ടതിനെ തുടർന്ന് കിംസ്ഹെൽത്തിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 32 ആയി കുറഞ്ഞതായി കണ്ടെത്തി.
സാധാരണയായി ഇത്തരത്തിലുള്ള രോഗികൾക്ക് സ്ഥിരമായി പേസ്‌മേക്കർ ഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ രോഗിയുടെ പ്രായവും ഭാവിയിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളും പരിഗണിച്ച് കിംസ്ഹെൽത്ത് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അനീസ് താജുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം ‘കാർഡിയോ-ന്യൂറോ അബ്ലേഷൻ’ ചികിത്സ തിരഞ്ഞെടുക്കുകയായിരുന്നു.
‘റേഡിയോ ഫ്രീക്വൻസി എനർജി’ ഉപയോഗിച്ച് ഹൃദയമിടിപ്പ് അമിതമായി കുറയാൻ കാരണമാകുന്ന ഹൃദയത്തിലെ ഉൾനാഡികളെ കൃത്യമായി നിയന്ത്രിച്ചാണ് ചികിത്സ നടത്തിയത്. ഇതിലൂടെ ശരീരത്തിൽ യാതൊരു ബാഹ്യ ഉപകരണവും ഘടിപ്പിക്കാതെ തന്നെ ഹൃദയമിടിപ്പ് സ്വാഭാവിക നിലയിലേക്ക് എത്തിക്കാൻ സാധിച്ചു.
“ശരീരത്തിൽ പേസ്‌മേക്കർ ഘടിപ്പിക്കാതെ കുറഞ്ഞ ഹൃദയമിടിപ്പുള്ള രോഗികളെ ചികിത്സിക്കാൻ കഴിയുന്ന മികച്ച മുന്നേറ്റമാണ് ഈ കീഹോൾ ചികിത്സ. സങ്കീർണ്ണമായ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിൽ മെഡിക്കൽ രംഗത്തെ വലിയ മാറ്റമാണിത്,” എന്ന് ഡോ. അനീസ് താജുദ്ദീൻ പറഞ്ഞു.
കാർഡിയാക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്, അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. ഹരി ദേവ് ജെ.ജെ എന്നിവരും ചികിത്സയുടെ ഭാഗമായി. ഏകദേശം രണ്ട് മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി വേഗത്തിൽ സുഖം പ്രാപിക്കുകയും മൂന്നാം ദിവസം ആശുപത്രി വിടുകയും ചെയ്തു.

