ന്യൂഡൽഹി: ബലാത്സംഗത്തിനിരയായ നാലുവയസുകാരിക്ക് കൃത്യസമയത്ത് ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിയ ആശുപത്രികളെയും ഡോക്ടർമാരെയും രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പാവപ്പെട്ട കുട്ടിയായതിനാലാണ് ചികിത്സ നിഷേധിച്ചതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരിനൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ യാതൊരു അവകാശവുമില്ലെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഗാസിയാബാദിലെ രണ്ട് സ്വകാര്യ ആശുപത്രികളുടെയും അവിടുത്തെ ഡോക്ടർമാരുടെയും നടപടിക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്.
കഴിഞ്ഞ മാർച്ച് 16-നാണ് ഗാസിയാബാദിൽ നാലുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസി ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കുട്ടിയെ കുടുംബം ഗാസിയാബാദിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ചികിത്സ നൽകാൻ ആശുപത്രികൾ തയ്യാറായില്ല. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
പരിക്കേറ്റ ശേഷം ഏകദേശം രണ്ട് മണിക്കൂർ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്നും ആദ്യമായി എത്തിച്ച സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘവും (എസ്.ഐ.ടി.) ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നും സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിച്ചില്ലെന്നും കണ്ടെത്തി.
കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് കടുത്ത വിമർശനമാണ് ഉന്നയിച്ചത്.
“നിങ്ങൾ നിങ്ങളുടെ കടമ നിർവഹിക്കുന്നില്ലെങ്കിൽ പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാൻ യാതൊരു അവകാശവുമില്ല. ആശുപത്രിയിൽ സൗകര്യമില്ലായിരുന്നാലും മനുഷ്യത്വമുണ്ടായിരുന്നെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് രോഗിക്കൊപ്പം പോകുമായിരുന്നു. എന്നാൽ കുട്ടി പാവപ്പെട്ടവളായതിനാലും ചികിത്സാചെലവ് വഹിക്കാൻ കഴിയാത്തതിനാലും അവളെ അവഗണിക്കുകയായിരുന്നു,” എന്ന് കോടതി നിരീക്ഷിച്ചു.
സംഭവത്തിൽ പിഴയെന്ന നിലയിൽ നാലുവയസുകാരിയുടെ കുടുംബത്തിന് ആശുപത്രികൾ സ്വമേധയാ സാമ്പത്തിക സഹായം നൽകണമെന്നും, അത് പാലിക്കാത്ത പക്ഷം കൂടുതൽ തുക നൽകാൻ കോടതി ഉത്തരവിടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇതേ കേസിൽ പൊലീസിന്റെ വീഴ്ചയും സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. പരാതി നൽകിയിട്ടും പൊലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്തില്ലെന്നും പരാതിക്കാരെ മർദിച്ചെന്നുമാണ് ആക്ഷേപം. തുടർന്ന് ഏപ്രിൽ 17-നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അടുത്ത ദിവസം പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും എഫ്.ഐ.ആറിൽ പോക്സോ നിയമവും ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പുകളും ഉൾപ്പെടുത്തിയിരുന്നില്ലെന്നും ആരോപണമുണ്ട്.
പൊലീസിന്റെ നടപടികളെയും കോടതി രൂക്ഷമായി വിമർശിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി പൊലീസ് കമ്മീഷണറും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്.

