ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള പിണറായി സർക്കാരിന്റെ നിലപാടിനെതിരെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയർന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ വെള്ളാപ്പള്ളിയോട് സ്വീകരിച്ച സമീപനത്തിലാണ് പ്രതിനിധികൾ അതൃപ്തി രേഖപ്പെടുത്തിയത്.
വെള്ളാപ്പള്ളി നടേശൻ വർഗീയ പരാമർശങ്ങൾ നടത്തിയപ്പോൾ ശക്തമായ പ്രതികരണം ഉണ്ടായില്ലെന്നും അതാണ് പിന്നീട് തിരിച്ചടിയായതെന്നും സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു. വെള്ളാപ്പള്ളിയോടുള്ള വിഷയത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് പ്രതിനിധികളുടെ വിലയിരുത്തൽ.
മുൻമന്ത്രി ജി. സുധാകരനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐയ്ക്ക് സാധിച്ചില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ദേശീയതലത്തിൽ സിജെപിക്ക് സാധിക്കുന്ന കാര്യങ്ങൾ ഡിവൈഎഫ്ഐക്ക് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും പുതുതലമുറയെ ആകർഷിക്കുന്നതിനായി ദേശീയതലത്തിൽ എന്ത് ഇടപെടലുകളാണ് നടത്തിയതെന്നും പ്രതിനിധികൾ ചോദ്യം ചെയ്തു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റിന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചുമതലയും നൽകിയതിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. രണ്ട് സുപ്രധാന പദവികൾ ഒരാൾക്ക് ഒരേസമയം വഹിക്കുന്നത് എങ്ങനെ സാധ്യമാകുന്നുവെന്ന ചോദ്യവും പ്രതിനിധികൾ ഉന്നയിച്ചു. അഖിലേന്ത്യാ പ്രസിഡന്റിന് പ്രത്യേക ചുമതലകളില്ലാത്തതിനാലാണോ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനവും നൽകിയതെന്ന വിമർശനവും സമ്മേളനത്തിൽ ഉയർന്നു.

