Home Kerala‘അനുഭവക്കുറവ് മൂലം പിഴവുകൾ സംഭവിച്ചു’; അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ കമ്മിറ്റി

‘അനുഭവക്കുറവ് മൂലം പിഴവുകൾ സംഭവിച്ചു’; അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ കമ്മിറ്റി

by news_desk1
0 comments

കൊച്ചി: താരസംഘടനയായ അമ്മയിലെ വിവാദങ്ങൾക്കിടെ അംഗങ്ങൾക്ക് തുറന്ന കത്തുമായി ശ്വേതാ മേനോൻ നേതൃത്വം നൽകിയ കമ്മിറ്റി രംഗത്തെത്തി. അനുഭവക്കുറവ് മൂലം ചില പിഴവുകൾ സംഭവിച്ചെന്ന് കത്തിൽ സമ്മതിക്കുന്ന കമ്മിറ്റി, അവ തിരുത്താനുള്ള നടപടികൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാൻ പ്രതിജ്ഞാബദ്ധരാണെന്നും കത്തിൽ പറയുന്നു.

സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും നിലവിൽ നടപ്പിലാക്കി വരുന്ന എല്ലാ സേവനങ്ങളും തുടരുമെന്നും കത്തിൽ വ്യക്തമാക്കുന്നു. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കൽ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ മുടക്കമില്ലാതെ തുടരുകയാണെന്നും കമ്മിറ്റി അറിയിച്ചു.

അമ്മയിലെ ഓരോ അംഗത്തിന്റെയും ക്ഷേമവും സുരക്ഷയും സംഘടനയുടെ ഐക്യവും സംരക്ഷിക്കുന്നതാണ് ഏറ്റവും വലിയ മുൻഗണനയെന്നും കത്തിൽ പറയുന്നു. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അവരുടെ ചുമതലകൾ തുടർന്നും നിർവഹിച്ചുവരുന്നതിനാൽ 2026 ജൂൺ 21 മുതൽ ഇന്നുവരെ സംഘടനയുടെ പ്രവർത്തനങ്ങൾക്കും സേവന പദ്ധതികൾക്കും യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ചിട്ടുണ്ട്.

അമ്മ ജനറൽ ബോഡിക്ക് ശേഷമാണ് ശ്വേതാ മേനോൻ അധ്യക്ഷയായിരുന്ന കമ്മിറ്റി രാജി പ്രഖ്യാപിച്ചത്. തുടർന്ന് രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റി ചുമതലയേറ്റെങ്കിലും മുൻ കമ്മിറ്റി ഔദ്യോഗികമായി രാജിവെക്കാത്തത് വിവാദമായി. അഡ്ഹോക്ക് കമ്മിറ്റി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ കോടതിയെ സമീപിക്കുകയും ചെയ്തു.

ജനറൽ ബോഡിയിൽ ഉയർന്ന വിമർശനങ്ങളിൽ നിരപരാധിത്വം തെളിയിച്ച ശേഷമേ പടിയിറങ്ങൂ എന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ചട്ടങ്ങൾ പരിശോധിച്ച കോടതി, തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ശ്വേതാ മേനോൻ ജനറൽ സെക്രട്ടറിയായ പഴയ കമ്മിറ്റിക്ക് തന്നെ തുടരാമെന്ന് ഉത്തരവിട്ടു. തുടർന്ന് അഡ്ഹോക്ക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി രാജിവെച്ചു. ഇതിനിടെ പുറത്തുവന്ന അദ്ദേഹത്തിന്റെ ഫോൺ സംഭാഷണവും സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായി.

സംഘടനയിലെ ആഭ്യന്തര തർക്കം രൂക്ഷമായതിനെ തുടർന്ന് അഡ്ഹോക്ക് കമ്മിറ്റിയും രാജി പ്രഖ്യാപിച്ചു. നിയമപോരാട്ടത്തിലേക്ക് പോകില്ലെന്നും മുൻ കമ്മിറ്റിയിൽ നിന്ന് ഏറ്റെടുത്ത അധികാരങ്ങളും താക്കോലുകൾ, വൈഫൈ പാസ്‌വേഡ്, ഇമെയിൽ പാസ്‌വേഡ്, രേഖകൾ എന്നിവയും തിരിച്ചുനൽകിയതായും അവർ അറിയിച്ചു. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെ വിളിച്ചുവരുത്തിയാണ് ഇവ കൈമാറിയത്. കോടതി ഇടപെടലിന്റെ ഘട്ടത്തിൽ ജനറൽ ബോഡി അംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്നതായിരുന്നു അഡ്ഹോക്ക് കമ്മിറ്റിയിലെ ഭൂരിപക്ഷ അംഗങ്ങളുടെ വിലയിരുത്തൽ.

You may also like