Home Sportsരോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ആർപ്പുവിളി ; ആരാധകരോട് വിയോജിപ്പ് അറിയിച്ച് കോഹ്‌ലി.

രോഹിത്തിന്റെ വിക്കറ്റ് വീണപ്പോൾ ആർപ്പുവിളി ; ആരാധകരോട് വിയോജിപ്പ് അറിയിച്ച് കോഹ്‌ലി.

by news_desk
0 comments

ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനത്തിന് പിന്നാലെ ആരാധകർക്കെതിരെ പൊട്ടിത്തെറിച്ച് സൂപ്പർ താരം വിരാട് കോഹ്‌ലി. മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ്ങിൽ ഓപ്പണർ രോഹിത് ശർമ പുറത്തായതിന് പിന്നാലെ ആർപ്പുവിളിച്ചതാണ് കോഹ്‌ലിയെ ചൊടിപ്പിച്ചത്. രോഹിത്തിന്റെ വിക്കറ്റ് വീണതിന് പിന്നാലെ വൺഡൗണായി വിരാട് കോഹ്‌ലി ക്രീസിലെത്തുന്നതിന്റെ ആവേശത്തിലാണ് വഡോദരയിലെ കാണികൾ ആർപ്പുവിളിച്ചത്.

മത്സരശേഷം കോഹ്‌ലി ഇതിനെതിരെ ശക്തമായി തുറന്നടിച്ച് സംസാരിക്കുകയും ചെയ്തു. ആരാധകരുടെ സ്‌നേഹത്തിന് നന്ദി പറയുമ്പോഴും സഹതാരങ്ങൾ പുറത്താകുമ്പോൾ ആഘോഷിക്കുന്നത് തന്നെ അൽപം അസ്വസ്ഥനാക്കുന്നുണ്ടെന്നും വിരാട് വെളിപ്പെടുത്തി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻറെ ഇതിഹാസതാരം എം എസ് ധോണിയുടെ കാര്യത്തിലും ഇതേ സംഭവം കണ്ടിട്ടുണ്ടെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.

‘എനിക്ക് ഇതിനെകുറിച്ച് അറിയാമായിരുന്നു. സത്യം പറഞ്ഞാൽ വിക്കറ്റ് വീഴുമ്പോൾ കാണികൾ ഇത്രയധികം ആവേശഭരിതരാകുന്നത് കാണുമ്പോൾ എനിക്ക് അത്ര സുഖകരമായി തോന്നാറില്ല. എം എസ് ധോണിയുടെ കാര്യത്തിലും ഇത്തരം പ്രവണത ആരാധകരിൽ നിന്ന് കണ്ടിട്ടുണ്ട്. വിക്കറ്റ് നഷ്ടമായി മടങ്ങേണ്ടിവരുന്നയാളെ സംബന്ധിച്ച് ഇത് ഒരിക്കലും നല്ല കാര്യമല്ല. കാണികളുടെ ആവേശം മനസിലാകും. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതലൊന്നും അതിനെ കുറിച്ച് ചിന്തിക്കാറില്ല’, കോഹ്‌ലി മത്സരശേഷം പറഞ്ഞു.

ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ 29 പന്തിൽ 26 റൺസെടുത്ത് മടങ്ങിയതിന് പിന്നാലെയാണ് കോഹ്‌ലി ക്രീസിലെത്തിയത്. കോഹ്ലി 91 പന്തിൽ 93 റൺസെടുത്താണ് കോഹ്ലി പുറത്തായത്.

You may also like