തിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരത്തെ ഒരു നാട്ടുചായക്കടയിൽ അപ്രതീക്ഷിതമായി എത്തിയ സഞ്ജുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ലോകകപ്പിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം നേടിയതിന് പിന്നാലെ വെറും നാല് ദിവസങ്ങൾക്കകം, സാധാരണ വേഷത്തിൽ ചായക്കടയിലെത്തിയ സഞ്ജുവിനെ കണ്ട കടയുടമയും ജീവനക്കാരും ആദ്യം അമ്പരന്നു. കടയിലെ ജീവനക്കാരാണ് താരത്തെ ആദ്യം തിരിച്ചറിഞ്ഞത്.
സഞ്ജു എത്തിയ വിവരം പുറത്തറിയുന്നതോടെ ആരാധകർ കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. എല്ലാവർക്കും പുഞ്ചിരിയോടെ സെൽഫി നൽകുകയും ആരാധകരുമായി സൗഹൃദപരമായി സംസാരിക്കുകയും ചെയ്ത് താരം സമയം ചെലവഴിച്ചു. ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കാനൊരുങ്ങുന്നതിനിടെ ലഭിച്ച ചെറിയ ഇടവേള ആഘോഷിക്കുന്നതിനിടെയാണ് ഈ സന്ദർശനം.
തിങ്കളാഴ്ച തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സഞ്ജുവിന് വൻ സ്വീകരണമാണ് ലഭിച്ചത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് എത്തി താരത്തെ വരവേറ്റു. നൂറുകണക്കിന് ആരാധകർ “സഞ്ജു… സഞ്ജു…” എന്ന വിളികളോടെ വിമാനത്താവളത്തിന് പുറത്ത് ആവേശം നിറച്ചു.
ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു അഞ്ച് മത്സരങ്ങളിൽ നിന്ന് 80.25 ശരാശരിയിൽ 321 റൺസ് നേടി ടീമിന്റെ ടോപ് സ്കോററായും മാറി.

